kayloram

കൊടുങ്ങല്ലൂർ : ഓണക്കാല അവധിയിൽ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ നിലക്കാത്ത ഒഴുക്ക്. അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ചിലേക്കും കോട്ടപ്പുറം കായലോരത്തേക്കുമാണ് കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നത്. രണ്ട് പ്രധാന പ്രദേശങ്ങളും മുസിരിസ് പൈതൃക പദ്ധതിയുടെ കീഴിലാണ്.

രാവിലെ മുതൽ സഞ്ചാരികൾ എത്താറുണ്ടെങ്കിലും വൈകിട്ട് മുതൽ രാത്രി വരെയാണ് വൻ തിരക്ക്. ഓണക്കാല അവധിയിൽ ഒരു ദിവസം വൈകിട്ട് കോട്ടപ്പുറം കായലോരത്ത് 3000 വരെ സഞ്ചാരികളെത്താറുണ്ട്. അതിലേറെയാണ് അഴീക്കോട് മുനക്കൽ ഡോൾഫിൻ ബീച്ചിൽ എത്തുന്നവരുടെ തിരക്ക്. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള വൃദ്ധർ ഉൾപ്പെടെയുള്ള സഞ്ചാരികളുടെ സംഘങ്ങളും എത്തുന്നുണ്ട്. രാത്രി എട്ട് വരെ ബീച്ചിൽ ചെലവഴിക്കാം.

ഓണക്കാലമായതോടെ മുനയ്ക്കൽ ബീച്ചും കോട്ടപ്പുറം കായലോരവും വൈദ്യുതി അലങ്കാരം കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ വൈകിട്ട് വിവിധ കലാപരിപാടികളും അരങ്ങേറുന്നുണ്ട്. ഇന്ന് വൈകീട്ട് മുനയ്ക്കൽ ബീച്ചിൽ വയനാട് എം.ടി.ബി എന്റർടെയ്ൻമെന്റ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകും. കോട്ടപ്പുറം ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റി കോട്ടപ്പുറം കായലോരത്ത് ഓണാഘോഷത്തിന്റെ ഭാഗമായി പുഴനിലാവ് ഓണാഘോഷം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇവിടെ വിവിധ കായിക കലാ വിനോദ പരിപാടികൾ നടക്കുകയാണ്. കോട്ടപ്പുറം കായലോരത്ത് 14 വരെ വിവിധ പരിപാടികൾ അരങ്ങേറും.