bus
ബസ് കാത്തിരിപ്പുകേന്ദ്രം

വാടാനപ്പിള്ളി : കണ്ടശ്ശാംകടവ് പടിയത്ത് നിർമ്മിച്ച ആശാരിമൂലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ഒരേ സമയം കാത്തിരിപ്പ് കേന്ദ്രമായും മിനി വായനശാലയായും മാറും. ഫാനും ലൈറ്റും ഇട്ട് എഫ്.എം റേഡിയോയിലെ പാട്ടും ആസ്വദിച്ച് അങ്ങനെ കാത്തിരിക്കാം. പടിയം സാംസ്‌കാരിക വേദിയിലെ അംഗങ്ങൾ പ്രദേശവാസികളുടെ സഹകരണത്തോടെ ബസ് കാത്തിരിപ്പ് കേന്ദ്രം പുനർ നിർമ്മിക്കുകയായിരുന്നു. നാട്ടിലുള്ള ആളുകൾക്ക് ഗുണം ചെയ്യുന്ന രീതിയിൽ വേണം കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണമെന്ന ആലോചനയാണ് ഈ നിലയിലെത്തിയത്. മനോഹരമായ രീതിയിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ലൈറ്റും ഫാനും മൊബൈൽ ചാർജ് ചെയ്യാനുള്ള പോയിന്റുമുണ്ട്. നേരം പോകാൻ എഫ്.എം റേഡിയോയുമുണ്ട്.
ഇവിടെയെത്തുന്ന സ്ത്രീകൾ അടക്കമുള്ള ആളുകളുടെ സുരക്ഷ കണക്കിലെടുത്ത് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം നാല് സി.സി.ടി.വി ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കേന്ദ്രത്തിലേക്ക് വേണ്ടിവരുന്ന വൈദ്യുതിക്കായി ഇവിടെത്തന്നെ സോളാർ പാനലും സ്ഥാപിച്ചിട്ടുണ്ട്. മനോഹരമായ ഒരു പൂന്തോട്ടമുണ്ട്. കേന്ദ്രത്തിന്റെ അറ്റകുറ്റപണിക്കായുള്ള പണം കണ്ടെത്താനായി എൽ.ഇ.ഡി പരസ്യ ബോർഡും ഒരുക്കി. പരസ്യം ചെയ്യുന്ന ആളുകൾ നൽകുന്ന പണം കേന്ദ്രത്തിന്റെ നടത്തിപ്പ് കാര്യങ്ങൾക്കായി ഉപയോഗിക്കും. 1.7 ലക്ഷം രൂപ വിനിയോഗിച്ചാണ് ബസ് കാത്തിരിപ്പ് കേന്ദ്രം പണിതീർത്തത്. നിർമ്മാണ വസ്തുക്കൾക്കാണ് ആകെ പണം ചെലവായത്. ആരും കൂലി വാങ്ങാതെയാണ് കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ചത്.

വരൂ, വായിക്കാം !


ഈ റൂട്ടിൽ ആകെ രണ്ട് ബസാണുള്ളത്. ബസുകൾ ഇല്ലാത്ത സമയത്ത് കാത്തിരിപ്പ് കേന്ദ്രം ഒരു മിനി വായനശാലയാക്കാനാണ് പദ്ധതി. പത്രങ്ങളും വായനാശീലം വളർത്താൻ ഉതകും വിധത്തിൽ പുസ്തകങ്ങളും കേന്ദ്രത്തിലുണ്ടാവും. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ മേനക മധു നിർവഹിച്ചു. കൺവീനർ സുധനൻ എരണേഴത്ത്, രാജീവ് സുകുമാരൻ, വിശ്വനാഥൻ പള്ളിപ്പറമ്പിൽ, ശങ്കരനാരായണൻ പള്ളിപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.