palam
അന്നകര കടാംതോട് പാലം അപകട ഭീഷണിയിൽ, നാട്ടുകാർ ആശങ്കയിൽ,

പറപ്പൂർ: അന്നകര കടാംതോട് പാലത്തിന്റെ അസ്ഥിവാരം ഇളകി തകർച്ചാ ഭീഷണിയിൽ. പൊതുമരാമത്ത് വകുപ്പിന്റെ പരിശോധനയിൽ പാലത്തിന് ബലക്ഷയം കണ്ടെത്തിയിരുന്നു. ബഡ്ജറ്റുകളിലെല്ലാം പാലം നിർമ്മാണത്തിന് ടോക്കൺ തുക വകയിരുത്തുന്നുണ്ടെങ്കിലും പാലം നിർമ്മാണത്തിന് നടപടികൾ സ്വീകരിച്ചിട്ടില്ല. 1937 ൽ നിർമ്മിച്ച പാലത്തിന് 88 വർഷം പഴക്കമുണ്ട്. അമല വഴി പാവറട്ടി, ചാവക്കാട് ഭാഗത്തേയ്ക്ക് പോകുന്ന ബസുകൾ ഉൾപ്പെടെയുള്ള മുഴുവൻ ഭാരവാഹനങ്ങളും ഇതിലൂടെ കടന്നുപോകുന്നത്. നിലവിൽ പാലത്തിന്റെ ഇരുവശത്തും ഭാരവാഹനങ്ങളുടെ ഗതാഗതം പൂർണമായും നിരോധിച്ചതായി പി.ഡബ്ലിയു.ഡി പാലം വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയർ ബോർഡ് സ്ഥാപിച്ചു. നിർമ്മാണം തുടങ്ങാതെ ഉത്തരവാദിത്ത്വങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.


മാർച്ച് നടത്തി

കടാംതോട് പാലം പുതുക്കിപ്പണിയാൻ നടപടി സ്വീക രിക്കാത്തതിനെതിരെ കോൺഗ്രസ് മുല്ലശേരി, തോളൂർ പഞ്ചായത്ത് കമ്മിറ്റികൾ പ്രതിഷേധ മാർച്ച് നടത്തി. സർക്കാരും ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും ബോർഡ് സ്ഥാപിച്ച് ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടുകയാണെന്നും പാലം പുനർനിർമിക്കാൻ സത്വര നടപടി വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഡി.സി.സി സെക്രട്ടറി പി.കെ.രാജൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരും തോളൂർ പഞ്ചായത്ത് പ്രസിഡന്റും നിരവധി നേതാക്കളും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.