തൃശൂർ: പട്ടിക്കാട് ലാലീസ് ഫുഡ് ആൻഡ് ഫൺ ഹോട്ടൽ ജീവനക്കാർക്ക് പീച്ചി പൊലീസ് സ്‌റ്റേഷനിൽ മർദ്ദനമേറ്റ സംഭവം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഹോട്ടലിൽ പ്രശ്‌നമുണ്ടാക്കിയെന്ന് കാട്ടി ദിനേശ് എന്നയാൾക്കെതിരെ ഹോട്ടൽ ഉടമ ഔസേപ്പ് പരാതി നൽകിയിരുന്നു. ഈ കേസിൽ പീച്ചി പൊലീസ് തൃശൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ഔസേപ്പ് ഹൈക്കോടതിയെ സമീപിച്ചു. ആവശ്യം തള്ളിയ ഹൈക്കോടതി, കുറ്റപത്രം സമർപ്പിച്ച കീഴ്‌ക്കോടതിയെ സമീപിക്കാൻ ആവശ്യപെട്ടു. തൃശൂർ സി.ജെ.എം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈം ബ്രാഞ്ചിനെ കഴിഞ്ഞയാഴ്ച കേസ് അന്വേഷിക്കാൻ ചുമതലപ്പെടുത്തി. ഇതിന് പിറകെയാണ് മർദനമേറ്റ ദൃശ്യം പുറത്തുവന്നത്. ഇക്കാര്യവും ക്രൈം ബ്രാഞ്ച് അന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നു.