തൃശൂർ: നാടിന് ഉത്സവ ഛായപകർന്ന് കിഴക്കുംപാട്ടുകരയിൽ കുമ്മാട്ടികൾ ആടിത്തിമർത്തു. മൂന്നോണനാളിൽ കിഴക്കുംപാട്ടുകര വടക്കുംമുറി ദേശത്തിന്റെ കുമ്മാട്ടിക്കളി കാണാൻ ആയിരങ്ങളെത്തി. പർപ്പടകപ്പുല്ല് ദേഹത്തു കെട്ടി പൊയ്മുഖമണിഞ്ഞ്, മേളത്തിന്റെ താളത്തിനൊപ്പം വർണക്കാവടികളുടെ അകമ്പടിയോടെ എത്തിയ കുമ്മാട്ടികൾ ദേശങ്ങൾ ചുറ്റി.
പനമുക്കുംപിള്ളി ധർമശാസ്താ ക്ഷേത്രാങ്കണത്തിൽ നിന്ന് ഘോഷയാത്രയോടെയാണ് കുമ്മാട്ടിക്കളിക്ക് തുടക്കം കുറിച്ചത്. നാഗസ്വരം, തെയ്യം,തിറ,നാടൻ കലാരൂപങ്ങൾ, ചെട്ടിവാദ്യം, ബാൻഡ് സെറ്റ്, ശിങ്കാരിമേളം, തമ്പോലം, തുള്ളൽ വാദ്യം, പ്രച്ഛന്നവേഷങ്ങൾ, നിശ്ചല ദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ സ്ത്രീ കുമ്മാട്ടികൾ ഉൾപ്പെടെ അമ്പതിലേറെ കുമ്മാട്ടികൾ അണിനിരക്കും. മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത്, എസ്. സന്തോഷ് കുമാർ, ജി.ബി. കിരൺ, സി.ടി. സനൽ, പി.ജി. സുബീഷ് എന്നിവർ നേതൃത്വം നൽകി.