photo-

മാള : തുറന്ന സ്ഥലത്ത് സ്ഥാപിച്ച ട്രാൻസ്‌ഫോർമർ അപായഭീതി ഉയർത്തുന്നു. പുത്തൻവേലിക്കര കെ.എസ്.ഇ.ബി സെക്്ഷന്റെ കീഴിൽ പൊയ്യ കഴിഞ്ചിത്തറയിൽ റോഡിനോട് ചേർന്നാണ് സുരക്ഷാവേലിയില്ലാതെ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചിരിക്കുന്നത്. ഫ്യൂസ് കാരിയർ താഴ്ന്ന നിലയിൽ നിൽക്കുന്നതിനാൽ കുട്ടികൾക്ക് പോലും കൈകൊണ്ട് തൊടാവുന്ന അവസ്ഥയാണ്. ഇത് ഏതു നിമിഷവും വൻ അപകടത്തിന് വഴിവയ്ക്കുമെന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നു. ട്രാൻസ്‌ഫോർമറിന്റെ തുറന്നുകിടക്കുന്ന ഭാഗങ്ങൾ നേരിട്ട് സ്പർശിക്കപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ, വൈദ്യുതാഘാതമുണ്ടാകാനുള്ള സാദ്ധ്യതയുമേറെയാണ്. ഉടൻ സുരക്ഷാവേലി സ്ഥാപിച്ച് അപകടം തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുട്ടികൾ അടക്കം നിരവധി പേർ ഇതിനോട് ചേർന്ന് കളിക്കാറുണ്ട്. അപകടം ഒഴിവാക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് ഉയരുന്ന ജനകീയാവശ്യം.