
തൃശൂർ: ആവേശമായി, ആരവമായി തേക്കിൻകാടിന് ചുറ്റും പുലിപ്പടയുടെ മാർച്ച്. ഓണാഘോഷങ്ങളുടെ കൊട്ടിക്കലാശമായി പുലിസംഘങ്ങൾ പുലിപ്പൂരം തീർത്തപ്പോൾ ആവേശപൂർവമെത്തിയ ജനക്കൂട്ടത്തിന് അത് മതിവരാക്കാഴ്ച്ചയായി. കുട്ടിപ്പുലികൾ മുതൽ പെൺപുലികൾ വരെ പുലിപ്പടയുടെ മാർച്ചിൽ അണിനിരന്നു. അതിൽ വയറൻപുലികളും കരിമ്പുലികളുമുണ്ടായി.
ഇന്നലെ ഉച്ചവെയിലാറിയപ്പോൾ ദേശങ്ങളിൽ അതുവരെ അടച്ചിട്ടിരുന്ന പുലിമടകൾ തുറന്നുവിട്ടു. അരയിൽ അരമണി കെട്ടി പുലിമുഖം ധരിച്ച് ഓരോ സംഘങ്ങളും പൂരനഗരി ലക്ഷ്യമിട്ട് പുറപ്പെട്ടു. ഒപ്പം അസുരവാദ്യത്തിൽ പുലിത്താളവും. ഓരോ ദേശങ്ങളിലും അമ്പതോളം പുലികൾ അണിനിരന്നപ്പോൾ നഗരത്തിൽ തിങ്ങി നിറഞ്ഞ പതിനായിരങ്ങൾക്ക് അത് ആവേശമായി. ലഹരിക്കെതിരെയും ശുചിത്വസന്ദേശവും പകർന്ന നിശ്ചലദൃശ്യങ്ങൾക്ക് പുറമേ പുരാണസാമൂഹിക വിഷയങ്ങൾ ഇതിവൃത്തമാക്കിയ നിശ്ചലദൃശ്യങ്ങളും ചന്തം പകർന്നു.
ആദ്യം ശങ്കരംകുളങ്ങര ദേശം
ഒരു വർഷത്തെ കാത്തിരിപ്പ് അന്ത്യംകുറിച്ച് ശങ്കരംകുളങ്ങര ദേശം എം.ജി റോഡിലൂടെ ചിങ്ങച്ചൂടിനെ മറികടന്ന് ആവേശപൂർവം വടക്കുന്നാഥന് മുന്നിലെ ഗണപതി ക്ഷേത്രത്തിലെത്തി തേങ്ങയുടച്ചതോടെയാണ് പുലിപ്പൂരത്തിന് തുടക്കമിട്ടത്. നടുവിലാൽ ഗണപതിക്ക് തേങ്ങയുടച്ചതോടെ പുലിക്കൊട്ട് മുറുകി. ഊഴമനുസരിച്ച് അയ്യന്തോളും ചക്കാമുക്കും സീതാറാംമിൽ ദേശവും എംജി റോഡിലൂടെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിച്ചു. ഇതിനിടയിൽ വെളിയന്നൂർ ദേശം സ്വരാജ് റൗണ്ടിലേക്ക് കടന്ന് നടുവിലാലെത്തി. കാണികൾക്ക് വിരുന്നൊരുക്കി പുലിസംഘങ്ങൾ നീങ്ങുന്നതിനിടെ പാട്ടുരായ്ക്കൽ, വിയ്യൂർ യുവജനസംഘം, നായ്ക്കനാൽ, കുട്ടൻകുളങ്ങര ദേശങ്ങളും ഊഴപ്രകാരം പ്രദക്ഷിണ വഴിയിലേക്ക് കടന്നു. ഇതോടെ പ്രദക്ഷിണ വഴി ചുറ്റും പുലികൾ നിറഞ്ഞു.
പുലിമടകളിൽ മന്ത്രിയും കളക്ടറും
ആവേശം പകർന്ന് മന്ത്രിയും കളക്ടറും ജനപ്രതിനിധികളും പുലിപ്പൂരത്തിൽ ലയിച്ചു. ഹൃദയം കീഴടക്കിയ പുലിക്കൂട്ടങ്ങളെ കാണാൻ മന്ത്രി കെ.രാജൻ, കളക്ടർ അർജുൻ പാണ്ഡ്യൻ, മേയർ എം.കെ.വർഗീസ്, ഡെപ്യൂട്ടി മേയർ എം.എൽ.റോസി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, സിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോ എന്നിവരുണ്ടായിരുന്നു. ഒമ്പത് പുലിമടകളും മന്ത്രി കെ.രാജൻ സന്ദർശിച്ചു.
അത്ര നിശ്ചലമല്ല സന്ദേശങ്ങൾ !
ശുചീകരണപ്പെരുമയും ലഹരി സന്ദേശവുമെല്ലാമായി ടാബ്ളോകൾ
തൃശൂർ: ആവേശ മേളത്തിനൊപ്പം ചുവടുവച്ച് പുലികളിറങ്ങിയപ്പോൾ തൃശൂരിന്റെ ശുചീകരണപ്പെരുമയും ജീവിതം മാത്രമാണ് ലഹരിയെന്ന സന്ദേശവും പങ്കുവച്ച് നിശ്ചലദൃശ്യങ്ങളും കളം നിറഞ്ഞു. കൗതുകപൂർവം അണിയിച്ചൊരുക്കിയ പുലിവണ്ടികളും നിറക്കാഴ്ചയായി. നടുവിലാൽ ഗണപതിക്ക് മുൻപിൽ ആദ്യം തേങ്ങയുടച്ച് പുലിയാട്ടമാടിയത് ശങ്കരംകുളങ്ങരയായിരുന്നു. 'വേണ്ട, വേണ്ട മാരകലഹരിയെന്നും ജീവിതമാണ് ലഹരിയെന്നുമുള്ള എഴുത്തുകൾക്ക് മുൻപിൽ ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ പെട്ട മനുഷ്യരെയും ചിത്രീകരിച്ചിരുന്നു. കാടുകൾക്കിടയിൽ രണ്ട് പുലിരൂപങ്ങളും മനുഷ്യപ്പുലിയും നിൽക്കുന്ന പുലിവണ്ടിയും വൈകിട്ട് നാലോടെ സ്വരാജ് റൗണ്ടിലെത്തിയ ശങ്കരംകുളങ്ങരയ്ക്ക് അഴകായി. ഭീമൻ മീൻപുലിരൂപമുള്ള പുലിവണ്ടിയായിരുന്നു നടുവിലാലിൽ കയറിയ അയ്യന്തോൾ ദേശത്തിന്റേത്. മീൻപുലിക്ക് മുകളിലും വായക്കകത്തും മനുഷ്യപ്പുലികളും നൃത്തം ചവിട്ടി നിന്നു. കശ്യപ പ്രജാപതിയുടെ ഭാര്യമാരായ കദ്രുവും വിനതയും പരസ്പരം പന്തയം വച്ച് ഒടുവിൽ തോറ്റുപോയ അടിമയായി മാറിയ വിനതയെ രക്ഷപ്പെടുത്തുന്ന മകൻ ഗരുഡന്റെ കഥ പറയുന്ന പുരാണമായിരുന്നു അയ്യന്തോളിന്റെ നിശ്ചലദൃശ്യം.
എ.ഡി 3000ലെ പുലികളി ഏതുവിധമെന്ന് ചിത്രീകരിക്കുന്നതായിരുന്നു ചക്കാമുക്കിന്റെ പുലിവണ്ടി. പുലിയോടൊപ്പം അന്യഗ്രഹജീവികളും പേടകവും കൂടി പുലിരൂപത്തോടൊപ്പം നൃത്തം ചവിട്ടുന്ന കാഴ്ച കൗതുകമായി. ഗീവർഗീസ് പുണ്യാളനായിരുന്നു അഞ്ചരയോടെയെത്തിയ ചക്കാമുക്കിന്റെ നിശ്ചലദൃശ്യത്തിൽ. വെളിയന്നൂരിന്റെ ടാബ്ലോ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ കഥ പറഞ്ഞു. ലഹരിയിൽ സ്വയം ബലിയാകുന്ന മനുഷ്യരെ ഓർമ്മിപ്പിക്കുന്നതായിരുന്നു വെളിയന്നൂരിന്റെ ലഹരിവിരുദ്ധ ടാബ്ളോ. നന്ദികേശനും ശിവനും ഉൾപ്പെട്ടതായിരുന്നു വിയ്യൂർ യുവജന സംഘത്തിന്റെ നിശ്ചലദൃശ്യം. അതിമനോഹരമായി ഒരുക്കിയ കാടും പുലികളും ചേർന്ന പുലിവണ്ടികളും ശ്രദ്ധയാകർഷിച്ചു. രാവണരൂപത്തോടെയുള്ള കുട്ടൻകുളങ്ങരയുടെ നിശ്ചലദൃശ്യവും തെയ്യവുമെല്ലാം ഒന്നിനൊന്ന് മെച്ചം.
കർശന സുരക്ഷയൊരുക്കി പൊലീസ്
തൃശൂർ : പുലിക്കളിക്ക് കർശന സുരക്ഷയൊരുക്കി പൊലീസ്. തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്.ഹരിശങ്കർ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, എ.സി.പി സലീഷ് എൻ.ശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനം ഒരുക്കിയത്. ഇന്നലെ രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സ്വരാജ് റൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യിച്ചിരുന്നില്ല. ഉച്ചയോടെ മറ്റ് വാഹനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി. പുലിക്കളി സംഘങ്ങൾ സുഗമമായി കടന്നുവരുന്നതിന് നിരവധി പൊലീസുകാരെയും നിയോഗിച്ചിരുന്നു.
പുലിക്കളി കാണാൻ ബി.ആർ.സിയിലെ പുലിക്കുട്ട്യോളെത്തി
തൃശൂർ: പുലിക്കളി കാണണമെന്ന തളിക്കുളം ബി.ആർ.സിയിലെ ആഗ്രഹം പൂവണിയിച്ച് കളക്ടർ. ദിവസം മുമ്പ് ബി.ആർ.സി സന്ദർശിച്ചപ്പോഴാണ് പുലിക്കളി കാണണമെന്ന ആഗ്രഹം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന് മുന്നിൽ കുട്ടികൾ അറിയിച്ചത്. ഇന്നലെ തെക്കേ ഗോപുരനടയിൽ അവർക്ക് പ്രത്യേക ഇരിപ്പിടമൊരുക്കിയാണ് കളക്ടറുടെ നേതൃത്വത്തിൽ പുലിക്കളി കണിച്ചത്. പുലിത്താളത്തിനൊത്ത് പുലികൾ ചുവടുവയ്ക്കുന്നത് കണ്ടതോടെ പലരും സീറ്റുകളിൽ നിന്ന് ഇറങ്ങി ചാടി തുടങ്ങി. 35 കുട്ടികളാണ് പുലിക്കളി കാണാനെത്തിയത്. കുട്ടികൾക്ക് ആവേശം പകരാൻ മന്ത്രി കെ.രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, തഹസിൽദാർ ടി.ജയശ്രീ, എ.സി.പി സലീഷ് എൻ.ശങ്കർ, വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷനിത ആഷിക് എന്നിവരും ഉണ്ടായിരുന്നു. രണ്ട് മണിക്കൂറോളം കുട്ടികൾ പുലിക്കളി ആസ്വദിച്ചു.