കയ്പമംഗലം: യുവാവിനെ കള്ളക്കേസിൽ കുടുക്കിയെന്ന് മതിലകം പൊലീസിനെതിരെ പരാതി. കൂളിമുട്ടം അടിപറമ്പിൽ കലേഷിന്റെ ഭാര്യ ഷിത കലേഷാണ് ഭർത്താവ് കലേഷിനെ കള്ളക്കേസിൽ കുടുക്കിയതായി കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പി ഉൾപ്പെടെയുള്ളവർക്കും മനുഷ്യാവകാശ കമ്മിഷൻ, ബാലാവകാശ കമ്മിഷൻ എന്നിവർക്കും പരാതി നൽകിയത്. ആഗസ്റ്റ് എട്ടിന് പ്രദേശവാസിയായ ഓട്ടോ ഡ്രൈവർ തങ്ങളുടെ വീട്ടിലേക്ക് വന്ന് അസഭ്യം പറയുകയും അപമര്യാദയായി പെരുമാറുകയും ചോദ്യം ചെയ്ത ഭർത്താവിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
എട്ടാം ക്ലാസിൽ പഠിക്കുന്ന മകളുമായി സ്‌കൂളിൽ നിന്ന് വരുന്ന വഴിക്ക് ഓട്ടോഡ്രൈവർ ഉപദ്രവിച്ചെന്നും ഭിന്നശേഷിക്കാരിയായ മകളടക്കം മൂന്ന് മക്കൾക്കും ശാരിരീകാസാസ്ഥ്യം ഉണ്ടായതായും ഇവർ പറഞ്ഞു. ഭർത്താവിന്റെ പേരിൽ വധശ്രമ കേസടക്കം നിരവധി ക്രിമിനൽ കേസുണ്ടെന്ന തരത്തിൽ വാർത്ത വന്നത് വാസ്തവവിരുദ്ധമാണെന്നും പൊലീസ് കെട്ടിച്ചമച്ചതാണെന്നും മാനഹാനിയുണ്ടായെന്നും കലേഷ് പറഞ്ഞു. പരിസരത്തെ മണൽമാഫിയക്കെതിരെ പരാതി നൽകിയതിലുള്ള വിരോധമാണ് പിന്നിലെന്നും കലേഷും ഷിതയും പത്രസമ്മേളനത്തിൽ വിശദീകരിച്ചു.