അന്തിക്കാട്: പുത്തൻപീടിക-മുറ്റിച്ചൂർ റോഡിൽ മാത്തുതോടിന് സമീപം ജല അതോറിറ്റിയുടെ പ്രധാനപൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലധികമാകുമ്പോഴും അധികൃതർക്ക് മൗനം. ശുദ്ധജലത്തിന്റെ കുത്തൊഴുക്കിൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് ഇടിഞ്ഞ് താഴ്ന്ന് വലിയ കുഴി രൂപപ്പെട്ടു. ഇത് വലിയ അപകടങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്. ഒരേ ദിശയിൽ രാത്രിയിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ പലപ്പോഴും സൈഡിലേക്ക് ഇറക്കേണ്ടി വരുമ്പോൾ ഈ കുഴിയിൽ വീണ് അപകടം ഉണ്ടാകുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇതു സംബന്ധിച്ച് നിരവധി പരാതികൾ നൽകിയെങ്കിലും ആവശ്യമായ നടപടികൾ ഉണ്ടായിട്ടില്ല. ഇടയ്ക്കിടെ ജല അതോറിറ്റിയുടെ ജീവനക്കാരത്തി എന്തെങ്കിലുമൊക്കെ ചെയ്തുവെന്ന് വരുത്തി പോകും. മണിക്കൂറുകൾക്കകം തന്നെ പൈപ്പ് പൊട്ടി വീണ്ടും ശുദ്ധജലം ഒഴുകുന്നതാണ് ഇവിടെത്തെ പതിവെന്ന് പരിസരവാസികൾ പറയുന്നു. ബന്ധപ്പെട്ടവരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് പ്രദേശത്ത് നാട്ടുകാർ പ്രതിഷേധ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.