തൃശൂർ: പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ വലപ്പാട് പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ മർദ്ദിച്ചെന്ന് പരാതി. കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അർദ്ധരാത്രി വീട്ടിലെത്തി പരിശോധന നടത്തിയെന്നും ആക്ഷേപം. അയൽവക്കത്തെ പെൺകുട്ടിയുമായുള്ള സൗഹൃദത്തെ തുടർന്ന് അവരുടെ ബന്ധുക്കൾ വഴി പൊലീസിൽ സമ്മർദം ചെലുത്തിയാണ് മർദ്ദിച്ചതെന്നാണ് നാട്ടിക ചളിങ്ങാട് വീട്ടിൽ അജിത് കുമാറിന്റെ മകൻ രാംസരോജിന്റെ (25) പരാതി.

ലോക്കപ്പ് മർദനത്തെ തുടർന്ന് രണ്ട് വശത്തുമുള്ള വാരിയെല്ലുകൾ പൊട്ടിയെന്നും രണ്ട് മാസം വിശ്രമിച്ചെന്നും യുവാവ് വിശദീകരിച്ചു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായി മാതാപിതാക്കളായ അജിത്ത് കുമാറും സതിമോളും പറഞ്ഞു. വലപ്പാട് എസ്.ഐ: എബിൻ, പൊലീസുകാരനായ ഭരതനുണ്ണി, പ്രണവ് എന്നിവർ ചേർന്നാണ് മർദ്ദിച്ചതത്രേ. കഴിഞ്ഞ ജൂൺ 7, 13 ദിവസങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടെന്നും ഇവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.