കൊടുങ്ങല്ലൂർ: താലൂക്ക് ആശുപത്രിയിലെ പുതിയ അഞ്ചുനില കെട്ടിടത്തിൽ ലിഫ്‌റ്റും റാംപും സ്ഥാപിക്കുന്ന പദ്ധതി അടിയന്തരമായി നടപ്പാക്കാൻ മുനിസിപ്പാലിറ്റിയോട് നിർദ്ദേശിച്ചു. താലൂക്ക് ആശുപത്രിയിലെ പുതിയ അഞ്ചുനില കെട്ടിടം പൂർണമായും രോഗികൾക്ക് തുറന്ന് കൊടുക്കാത്ത പരാതി പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശപ്രകാരം അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഉൾപ്പെടെയുള്ളവരുടെ ഉന്നതതലയോഗത്തിലെ തീരുമാന പ്രകാരമാണ് നിർദ്ദേശം.

പുതിയ കെട്ടിടത്തിലെ രണ്ടാം നിലയിലെ സമഗ്ര വയോജന പരിചരണ വിഭാഗം, ഫിസിയോതെറാപ്പി റീഹാബിലിറ്റേഷൻ യൂണിറ്റ്, പോളി ഡെന്റൽ ക്ലിനിക് എന്നിവ സജ്ജമാക്കുന്നതിന് കെ.ഇ.എൽ.എൽ എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി. 67 ലക്ഷം രൂപ വയോജന പരിപാലന വാർഡ് സജ്ജമാക്കാനും 48 ലക്ഷം രൂപ പോളി ഡെന്റൽ ക്ലിനിക് സജ്ജമാക്കാനും അനുവദിച്ചു. പഴയ കെട്ടിടത്തിൽ 108 ആംബുലൻസ് ജീവനക്കാർക്ക് താമസ സൗകര്യം ഒരുക്കാനും അവർ ഇപ്പോൾ താമസിക്കുന്ന പുതിയ അഞ്ചുനില കെട്ടിടത്തിന്റെ മുകളിലത്തെ വാർഡിൽ നിന്ന് മാറ്റാനും നിർദ്ദേശം നൽകി.

താലൂക്ക് ആശുപത്രിയിലെ പുതിയ അഞ്ചുനില കെട്ടിടം രോഗികൾക്ക് തുറന്ന് കൊടുക്കാത്തതിനെതിരെ പൊതുപ്രവർത്തകരായ ഇ.കെ.സോമൻ, കെ.ടി.സുബ്രഹ്മണ്യൻ എന്നിവർ അഡ്വ.ഷാനവാസ് കാട്ടകത്ത് മുഖേന ഹൈക്കോടതിയിൽ ഹർജി നൽകിയതിനെ തുടർന്ന് ഹൈക്കോടതി നിയോഗിച്ച സബ് ജഡ്ജി താലൂക്ക് ആശുപത്രി സന്ദർശിച്ച് ചീഫ് ജസ്റ്റിസിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കേസിന്റെ തുടർവാദം 15ന് ഹൈക്കോടതിയിൽ നടക്കും.

ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ചുമതല

അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താനായി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. പുതിയ കെട്ടിടത്തിലെ പീഡിയാട്രിക് ഐ.സി.യു, മെഡിക്കൽ ഐ.സി.യു വിഭാഗങ്ങളിൽ താലൂക്ക് ആശുപത്രിയുടെ സ്റ്റാൻഡേർഡൈസേഷൻ മാനദണ്ഡ പ്രകാരം നിലവിലുള്ള ഒഴിവുകളുടെ എണ്ണം പരിശോധിച്ച് പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള വിശദാംശം ഡയറക്ടർ സമർപ്പിക്കണം. സ്ത്രീകളുടെയും കുട്ടികളുടെയും വാർഡുകൾ ആർദ്രം സ്റ്റാൻഡേർഡൈസേഷൻ മാനദണ്ഡ പ്രകാരം നിലവിലുള്ള ഒഴിവുകളുടെ എണ്ണം പരിശോധിച്ച് , തസ്തിക സൃഷ്ടിക്കാനുള്ള വിശദാംശങ്ങളും ഡയറക്ടർ സമർപ്പിക്കണം.