അന്തിക്കാട്: അന്തിക്കാട് കോൾപ്പാടശേഖരങ്ങളെ അന്തിക്കാട് കടവാരവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം തകർന്നിട്ട് ഏഴുമാസം കഴിഞ്ഞിട്ടും പുനർ നിർമ്മിക്കാത്തതിനാൽ ആശങ്കയിലായി കർഷകർ. കൃഷിയിറക്കുന്നതിന്റെ ഭാഗമായി വിത്തുൾപ്പടെയുള്ള സാധന സാമഗ്രികൾ കൊണ്ടുപോകേണ്ടത് ഈ പാലത്തിലൂടെയാണ്. ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി അന്തിക്കാട് പാടശേഖര സമിതി ഭാരവാഹികൾ നിരവധി തവണ കെ.എൽ.ഡി.സിയെ സമീപിച്ചെങ്കിലും പാലം നിർമ്മിക്കുന്നതിനാവശ്യമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അന്തിക്കാട് പടവ് സെക്രട്ടറി വി.ശരത്ത് പറഞ്ഞു. പാലവുമായി ബന്ധപ്പെട്ട എല്ലാ റിപ്പോർട്ടുകളും നൽകിയെന്നും ഇനി നടപടി സ്വീകരിക്കേണ്ടത് കെ.ഡി.എ ആണെന്നുമാണ് കെ.എൽ.ഡി.സി അധികൃതർ പറയുന്നത്. നാട്ടുകാരനായ റവന്യു മന്ത്രി കെ.രാജൻ ഉൾപ്പെടെയുള്ളവരെ കണ്ട് ആവശ്യമുന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. പാടശേഖരത്തിലേക്ക് കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സാധനസാമഗ്രികളും കൊണ്ടുപോകേണ്ടത് ഈ പാലം വഴിയാണെന്നതിനാൽ കൃഷിപ്പണി തുടങ്ങിയാൽ ഓവ് വച്ച് മുകളിൽ മണ്ണിട്ടുറപ്പിച്ച് ഗതാഗതം പുനഃസ്ഥാപിക്കേണ്ടിവരും. ഇങ്ങനെ ചെയ്ത് താത്ക്കാലികമായി ഗതാഗതം പുനഃസ്ഥാപിച്ചു കഴിഞ്ഞാൽ മഴക്കാലത്ത് വെള്ളത്തിന്റെ ഒഴുക്ക് നിലച്ച് പ്രദേശം വെള്ളക്കെട്ടിലാകുന്ന സ്ഥിതിയുണ്ടാകും. ആയതിനാൽ എത്രയുംവേഗം പാലം പുനർനിർമ്മിച്ച് ആശങ്ക ഒഴിവാക്കണമെന്നാണ് കർഷകരുടേയും പ്രദേശവാസികളുടെയും ആവശ്യം.