അതിരപ്പിള്ളി: പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പഞ്ചായത്ത് നടത്തുന്ന ബോധവത്കരണങ്ങൾക്കും പ്രതിരോധങ്ങൾക്കും പുല്ല് വിലപോലും കൽപ്പിക്കാതെ വിനോദ സഞ്ചാരികൾ. പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിന് പ്രധാന കേന്ദ്രങ്ങളിലെല്ലാം സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഉല്ലാസത്തിനെത്തുന്നവർ ഇതൊന്നും വകവയ്ക്കുന്നില്ലെന്ന് വ്യക്തം. തോന്നുംവിധം ഇവയെല്ലാം വലിച്ചെറിയുന്നത് ഇപ്പോഴും തുടരുന്നു. ഓണാവധി ദിവസങ്ങളിൽ പതിനായിരങ്ങൾ ഒഴുകിയെത്തിയപ്പോൾ ഇതിന് അനുക്രമമായി പ്ലാസ്റ്റിക് അവശിഷ്ടങ്ങളും വലിച്ചെറിയപ്പെട്ടു. കുടിവെള്ള കുപ്പികൾക്ക് പുറമെ, ഭക്ഷണ പായ്ക്കറ്റുകളും ധാരാളം തെരുവിലെത്തി. ഇതെല്ലാം തേടി വന്യജീവികൾ പരക്കം പായുന്ന കാഴ്ചയും പ്രകടമാണ്. നിരവധി കുരങ്ങുകൾ കുപ്പിയിലെ പാനീയങ്ങളും പായ്ക്കറ്റുകളിലെ അവശിഷ്ടങ്ങളും അകത്താക്കാൻ മത്സരിച്ചു. വനംവകുപ്പിന്റെ കർശന നിർദ്ദേശമുണ്ടെങ്കിലും പിന്നീട് ദഹന പ്രശ്്‌നങ്ങളും രോഗങ്ങളും വരുത്താൻ ഇടയാക്കുന്ന ഇത്തരം പായ്ക്കറ്റുകൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നതിൽ തെല്ലും കുറവില്ല. റോഡരികിൽ ഇത്തരത്തിൽ കുരങ്ങുകൾ ഭക്ഷണം കഴിക്കുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയായി മാറി.