തൃപ്രയാർ: തളിക്കുളം സ്വദേശിയുൾപ്പെടെ നേപ്പാളിൽ കുടുങ്ങിയത് നൂറോളം പേർ. എട്ട് മലയാളികളും കൂട്ടത്തിലുണ്ട്. ഇവരിപ്പോൾ ഹിൽസാ എന്ന ചെറിയ ഗ്രാമത്തിൽ തങ്ങുകയാണ്. നേപ്പാളിൽ കലാപമുണ്ടായെന്നറിഞ്ഞതോടെ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടിരുന്നതായി തളിക്കുളം സ്വദേശി കാഞ്ഞങ്ങാട്ട് അഭിലാഷ് പറഞ്ഞു. ഹിൽസായിൽ നിന്നും ഹെലികോപ്ടറിലും ഫ്‌ളൈറ്റിലുമായി ഒന്നരമണിക്കൂർ യാത്ര ചെയ്താൽ നേപ്പാൾ ഹുഞ്ച് എന്ന് സ്ഥലത്തെത്തും. അവിടെ നിന്നും റോഡ് മാർഗം ഇന്ത്യൻ അതിർത്തി കടന്ന് ലക്‌നൗവിലേക്കെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. യാത്രയ്ക്കായി എല്ലാ സൗകര്യങ്ങളും കേന്ദ്രമന്ത്രിമാർ എർപ്പെടുത്തിയിട്ടുണ്ട്. ചെറുപ്പക്കാരും പ്രായമായവരുമുൾപ്പെടെ സംഘത്തിലുണ്ട്. ട്രാവൽ എജൻസി വഴിയാണ് കഴിഞ്ഞ രണ്ടാം തീയതി കൈലാസ് മാനസസരോവർ യാത്രയ്ക്ക് പുറപ്പെട്ടതെന്ന് അഭിലാഷ് പറഞ്ഞു. യാത്ര കഴിഞ്ഞ് 12ന് തിരിച്ചെത്തേണ്ടതായിരുന്നു. ടിബറ്റിൽ ചെന്നശേഷം ചൈന ബോർഡർ ക്രോസ് ചെയ്ത് നാല് ദിവസം കഴിഞ്ഞാണ് മാനസ സരോവറിലെത്തിയത്. ഇവിടെ കൈലാസം പ്രദക്ഷിണം ചെയ്യുന്ന ചടങ്ങ് കഴിഞ്ഞ് തിരിച്ചുള്ള യാത്രാമദ്ധ്യേയാണ് നേപ്പാളിൽ പ്രശ്‌നങ്ങളുണ്ടായത്. അതോടെ ഡാർച്ച് ക്യാമ്പിലേക്ക് മാറി. 500 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ചെറിയ പട്ടണമാണ് ഡാർച്ച്. അവിടെ നിന്ന് എങ്ങോട്ടും മാറാൻ കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് അഭിലാഷ് പറഞ്ഞു. മൂവായിരത്തോളം പേർ അവിടെ ഉണ്ടായിരുന്നു. ശരിയായ രീതിയിൽ ഓക്‌സിജൻ പോലും കിട്ടാത്ത സാഹചര്യമാണ് അവിടെയുണ്ടായിരുന്നത്. 20ഓളം ട്രാവൽ എജൻസികളിൽ പെടുന്നവരാണിവിടെ കുടുങ്ങിപ്പോയത്. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട ശേഷമാണ് അവിടെ നിന്നും മാറി ഹിൽസയിലേക്കെത്താൻ കഴിഞ്ഞതെന്നും അഭിലാഷ് പറഞ്ഞു. ഇന്ന് വൈകിട്ടോടെ യാത്ര തിരിക്കാൻ കഴിയുമെന്നും ക്യാമ്പിലുള്ളവർ വിശ്വസിക്കുന്നു.