മാള : ഡിജിറ്റൽ വികാരങ്ങളുടെ സൂക്ഷ്മ വിശകലനത്തിന് പുതിയ മാനം നൽകി, മലയാളി വിദ്യാർത്ഥി ഡാസിൽ ജോളി ഐനിക്കൽ ഉൾപ്പെടുന്ന മണിപ്പൂർ യൂണിവേഴ്‌സിറ്റി ഗവേഷണ സംഘത്തിന് പേറ്റന്റ് ലഭിച്ചു. 'സെന്റിമെന്റ് അസസ്‌മെന്റ് സിസ്റ്റം ആൻഡ് മെത്തഡ്' എന്ന വിഭാഗത്തിലെ ഈ നൂതന സാങ്കേതികവിദ്യ, ഇമോജികൾ, പരിഹാസം, സൂചനകൾ എന്നിവ വിശകലനം ചെയ്ത് മാനസികാരോഗ്യ വിലയിരുത്തലിന് സഹായിക്കുന്നു. ഇന്നത്തെ ഡിജിറ്റൽ ലോകത്ത് വാചകങ്ങളെ മറികടന്ന് വികാരങ്ങൾ പ്രകടിപ്പിക്കുന്ന രീതികൾ വെല്ലുവിളിയാണ്.
വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം, ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ തുടങ്ങിയ ക്ലിനിക്കൽ വികാരങ്ങൾ കൃത്യമായി കണ്ടെത്താൻ ഈ സംവിധാനം സഹായിക്കുന്നു. ആവർത്തന പാറ്റേണുകൾ തിരിച്ചറിഞ്ഞ് പെട്ടെന്നുള്ള പരിഹാരങ്ങളും ഭാവി വിശകലനവും ക്ലിനിക്കൽ റഫറൻസിംഗും സാദ്ധ്യമാക്കുന്നു. ഇത് വികാര കണ്ടെത്തലിന്റെ കൃത്യത വർദ്ധിപ്പിക്കുകയും മാനസികാരോഗ്യ ഇടപെടലുകൾ നേരത്തെ സാദ്ധ്യമാക്കുകയും ചെയ്യുന്നു. ബുദ്ധിപരമായ വൈകാരിക കമ്പ്യൂട്ടിംഗിലും ആരോഗ്യ സംരക്ഷണ എ.ഐയിലും ഈ ഗവേഷണം വിലപ്പെട്ടതാണ്. കുണ്ടൂർ ഐനിക്കൽ ജോളി കുര്യന്റെയും ഡെല്ലയുടെയും മകനായ ഡാസിൽ, ചെന്നൈയിലെ വി.ഐ.ടി വിദ്യാർത്ഥിയാണ്.