photo

പാവറട്ടി : മുല്ലശ്ശേരി പഞ്ചായത്തിലെ മാടക്കാക്കൽ ഭാഗത്തെ ഇരിക്കെപ്പാടം നിറയെ വരിനെല്ല് വളർന്നത് മൂലം കൃഷിയിറക്കാൻ കഴിയാതെ നെൽക്കർഷകർ ആശങ്കയിൽ. കളകളുടെ രൂപത്തിൽ കോൾപ്പടവുകളിൽ വരിനെല്ല് നിറഞ്ഞിരിക്കയാണ്. വരിനെല്ല് നീക്കം ചെയ്യണമെങ്കിൽ ഭാരിച്ച ചെലവ് വരുമെന്നാണ് കർഷകരുടെ ദുരിതം വർദ്ധിപ്പിക്കുന്നത്. തുടക്കത്തിൽ ഉഴുത് മറിച്ച് ഈ കള നശിപ്പിക്കാൻ അധികച്ചെലവ് വേണമെന്നതാണ് കർഷകരെ വലയ്ക്കുന്നത്. നെല്ലിനൊപ്പം ഇത് വീണ്ടും വളരുമെന്നതാണ് മറ്റൊരു ദുരിതം.
വിതയ്ക്കു പകരം നടീൽ നടത്തുകയും പാടശേഖരത്തിലെ ജലനിയന്ത്രണം ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്താൽ ചെറിയ രീതിയിൽ വരിനെല്ല് നിയന്ത്രിക്കാനുമെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിന് ശാശ്വത പരിഹാരം കാണാൻ കൃഷി വകുപ്പിന്റെ ഭാഗത്തു നിന്ന് ഫലപ്രദമായ ഇടപെടൽ വേണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.

വരിനെല്ല്, പതിര് മാത്രം ഉണ്ടാകുന്നത്
നെല്ലിന്റെ അതേ രൂപത്തിലുള്ളതാണ് വരിനെല്ല്. പതിര് മാത്രമാണ് ഇതിൽ ഉണ്ടാകുക. നെല്ലിനേക്കാൾ വേഗത്തിൽ വളർന്ന് കതിരിടുന്നതിനു മുമ്പ് നെല്ലിനെ അവ നശിപ്പിക്കും. സൂര്യപ്രകാശം ലഭിക്കാതെ നെല്ലിന്റെ വളർച്ച മന്ദഗതിയിലാവുകയും വിളവിൽ ഗണ്യമായ കുറവ് വരുത്തുകയും ചെയ്യും. മറ്റു കളകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന കളനാശിനികൾ വരിനെല്ലിന് ഫലപ്രദമല്ല. കൈകൊണ്ട് വലിച്ചു കളയുകയാണ് ഏക മാർഗം. ഇതിനും വലിയ കൂലിച്ചെലവ് വരും.