എരുമപ്പെട്ടി : കരിയന്നൂർ-കാവിൽവട്ടം റോഡ് നിർമ്മാണം നിലച്ചത് അന്വേഷിക്കാൻ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയറെ കാണാൻ വന്ന മെമ്പർ സതി മണികണ്ഠനും നാട്ടുകാർക്കുമെതിരെ കള്ളക്കേസ് കൊടുത്തത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എരുമപ്പെട്ടി പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. തൊഴിലുറപ്പ് പദ്ധതിയിൽ റോഡ് നിർമ്മാണം ഇ-ടെൻഡർ നടത്തിയതിൽ പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളായ ഒന്ന്, രണ്ട്, മൂന്ന്, ആറ് എന്നിവയെ അവഗണിച്ചുവെന്നും ആരോപിച്ചു. പ്രതിപക്ഷ നേതാവ് എം.കെ.ജോസ്, സുധീഷ് പറമ്പിൽ, മാഗി അലോഷ്യസ്, പി.കെ.മാധവൻ, റീന വർഗീസ്, റിജി ജോർജ്, സതി മണികണ്ഠൻ, എം.സി.ഐജു എന്നിവരാണ് ഇറങ്ങിപ്പോക്ക് നടത്തിയത്.
തൊഴിലുറപ്പ് പദ്ധതി മെറ്റീരിയൽ ഇ-ടെൻഡർ മൂന്ന് വിഭാഗമായാണ് വിളിച്ചത്. അതിൽ ആറ് വാർഡുകളിലെ പദ്ധതികൾ കരാറുകാർ ആരും ടെൻഡർ എടുത്തില്ല. എടുക്കാത്ത ടെൻഡർ റീ ടെൻഡർ ചെയ്യാൻ യോഗം തീരുമാനിച്ചു. പഞ്ചായത്ത് മെമ്പർക്കെതിരെ പൊലീസിൽ പരാതി നൽകി എന്നത് അടിസ്ഥാനരഹിത ആരോപണമാണെന്നും ആക്രമിക്കാനെത്തിയവർക്കെതിരെയാണ് പൊലീസിൽ പരാതി നൽകിയിട്ടുള്ളതെന്നും പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ അറിയിച്ചു.