akhil

അന്തിക്കാട് : അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ നിന്ന് ക്രൂര മർദ്ദനമേറ്റ് ശ്വാസകോശത്തിൽ ഗുരുതര പരിക്കേറ്റെന്ന് പരാതി. ഓട്ടോ ഡ്രൈവറും അരിമ്പൂർ സ്വദേശിയുമായ അഖിൽ യേശുദാസിനാണ് (28) പരിക്കേറ്റത്. കഴിഞ്ഞ വർഷം സെപ്തംബർ 30ന് കാഞ്ഞാണി പെരുമ്പുഴ പാതയിൽ അഖിൽ ഓടിച്ച ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റെന്ന് പറഞ്ഞ് സ്റ്റേഷനിൽ വിളിച്ചു വരുത്തുകയായിരുന്നു. മർദ്ദനത്തിനിടെ നെഞ്ചിൽ ചവിട്ടേറ്റതാണ് ശ്വാസകോശത്തെ തകരാറിലാക്കിയത്. ഇതുമായി ബന്ധപ്പെട്ട് അഖിലിന്റെ ശസ്ത്രക്രിയ ഇന്ന് നടക്കും.

തന്റെ വാഹനമല്ല ഇടിച്ചതെന്ന് പറഞ്ഞിട്ടും അന്നത്തെ എസ്.ഐയായിരുന്ന വി.പി.അരിസ്റ്റോട്ടിൽ വകവച്ചില്ല. ഇതിനിടെ അപ്പനെ തെറി പറഞ്ഞത് ചോദ്യം ചെയ്തപ്പോൾ എസ്.ഐ മുഖത്തടിച്ചു. മുഖത്തടിച്ചത് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ, കൈയിലെ വള കൊണ്ട് എസ്.ഐയുടെ മുഖത്ത് പരിക്കേറ്റു. ഇതിൽ പ്രകോപിതരായ പൊലീസുകാർ നാല് മണിക്കൂർ നേരം തുടർച്ചയായി മർദ്ദിച്ചതായി അഖിൽ പറഞ്ഞു. വിലങ്ങിട്ട് മുട്ടുകാല് കൊണ്ടായിരുന്നു മർദ്ദനം. ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി. സംഭവം പുറത്തു പറഞ്ഞാൽ കഞ്ചാവ് കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി.