1
1

വടക്കാഞ്ചേരി : അമൃത് ഭാരത് സ്റ്റേഷൻ പട്ടികയിലേക്ക് ഉയർത്തിയ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. 10 മാസം മുമ്പ് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയാകാനുണ്ട്. രണ്ടാം നമ്പർ പ്ലാറ്റ് ഫോമിന് മേൽക്കൂര സ്ഥാപിക്കൽ, കുടിവെള്ളം, വെളിച്ചം, ഇരിപ്പിടം, പ്ലാറ്റ്‌ഫോമിൽ ഫാനുകൾ സജ്ജമാക്കൽ, പാർക്കിംഗ് സൗകര്യ വിപുലീകരണം, ദിവ്യാംഗർക്കായി പ്രത്യേക ക്രമീകരണം എന്നീ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായി. കെട്ടിടം അറ്റകുറ്റപ്പണിയും നടത്തി. റിസർവേഷൻ കം അൺ റിസർവ്ഡ് കൗണ്ടർ ആധുനീകരിച്ച് തുറന്നു. ട്രെയിനുകളുടെയും കോച്ചുകളുടെയും തത്സമയ വിവരം നൽകുന്ന ബോർഡുകൾ തയ്യാറായിട്ടില്ല.

റെയിൽവേ സ്റ്റേഷനിലെ സുരക്ഷ കടലാസിൽ
റെയിൽവേ സ്റ്റേഷൻ ആധുനികവത്കരിക്കുന്ന പ്രവർത്തനങ്ങൾ നടക്കുമ്പോഴും യാത്രക്കാരുടെ സുരക്ഷ ഇപ്പോഴും കടലാസിൽ മാത്രം. മോഷ്ടാക്കളും സാമൂഹിക വിരുദ്ധരും രാത്രികാലങ്ങളിൽ സ്റ്റേഷനിൽ വിഹരിക്കുകയാണ്. സി.സി.ടി.വി ക്യാമറകൾ ഇല്ലാത്തത് സാമൂഹ്യവിരുദ്ധർക്ക് തുണയാകുന്നു. മുൻകാലങ്ങളിൽ പൊലീസ് രാത്രികാല നിരീക്ഷണം നടത്തിയിരുന്നെങ്കിൽ ഇപ്പോൾ പേരിനുമാത്രമാണത്. ഭൂരിഭാഗം ദിവസങ്ങളിലും പൊലീസ് എത്തുന്നില്ല. കഴിഞ്ഞ രാത്രി ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് മോഷ്ടാവ് ട്രെയിനിന്റെ എമർജൻസി വിൻഡോയിലൂടെ കൈയിട്ട് യാത്രക്കാരിയുടെ മാല കവരാൻ ശ്രമം നടത്തി. മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിലെ രണ്ട് യാത്രക്കാരികൾക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. വനിതകൾ ട്രെയിനിനുള്ളിലേക്ക് ഓടി മാറിയതിനാൽ മാലകൾ നഷ്ടപ്പെട്ടില്ല. സഹയാത്രികർ ബഹളം വച്ചതോടെ മോഷണത്തിന് ശ്രമിച്ച വ്യക്തി ഓടിരക്ഷപ്പെട്ടു. ഇരയായ വനിത തിരുവനന്തപുരത്ത് റെയിൽവെ പൊലീസിന് പരാതി നൽകി. അധികൃതർ അന്വേഷണം ആരംഭിച്ചു. സ്റ്റേഷനിൽ അടിയന്തരമായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.