തൃശൂർ: മുള്ളൂർക്കരയിൽ ഉണ്ടായ കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷത്തിൽ പ്രതിചേർക്കപ്പെട്ട കെ.എസ്.യു നേതാക്കളെ മുഖംമൂടിയും വിലങ്ങും അണിയിച്ച് കോടതിയിൽ ഹാജരാക്കിയതിലൂടെ പിണറായിയുടെ പൊലീസിന് പേയിളയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. വടക്കാഞ്ചേരി സി.ഐക്ക് പേ പിടിച്ചിരിക്കുയാണ്. ഗണേഷ്, അൽഅമീൻ, അസ്ലം ഉൾപ്പെടെയുള്ളവരെയാണ് ഇത്തരത്തിൽ കോടതിയിലെത്തിച്ചത്. എസ്.എഫ്.ഐ-കെ.എസ്.യു വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള തർക്കങ്ങൾ രാഷ്ട്രീയത്തിൽ പതിവാണ്. പ്രതിചേർക്കപ്പെടുന്നവരെ കൊടും ക്രിമിനലുകളെ ഹാജരാക്കുന്ന രീതിയിൽ ഒരിക്കലും കോടതിയിൽ ഹാജരാക്കാറില്ല. ഇത്തരക്കാരെ സർവീസിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് തിങ്കളാഴ്ച്ച വൈകീട്ട് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തുമെന്നും അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.
.