1
1

ചാലക്കുടി: അത്തം കഴിഞ്ഞ് രണ്ടാഴ്ച്ച പിന്നിടുമ്പോഴും ചാലക്കുടിയിലെ ഓണസദ്യയും ആഘോഷങ്ങളും സദ്യയും തുടരുകയാണ്. സാംസ്‌കാരിക ജില്ലയുടെ ഹൃദയ ഭൂമിയായ ചാലക്കുടിയിലെ മാത്രം പ്രത്യേകതയാണ് പിന്നിട്ട ഓണാഘോഷങ്ങൾ. അത്തം നാൾ ആരംഭിച്ചതാണ് പതിവുപോലെ നഗരത്തിലെ ഓണാഘോഷങ്ങൾ. വിവിധ സംഘടനകളായിരുന്നു തുടക്കക്കാർ. ആര് സംഘടിപ്പിക്കുമ്പോഴും തങ്ങളുടെ അംഗങ്ങളെ മാത്രം ഉദ്ദേശിച്ചായിരുന്നില്ല ആഘോഷങ്ങൾ. നഗരസഭ ഒരുക്കിയ ഇത്തവണത്തെ ഓണാഘോഷത്തിലും സദ്യയിലും ആയിരങ്ങൾ പങ്കെടുത്തു. സഹകരണ സംഘങ്ങളിലെയും ഓണസദ്യയിൽ നിരവധി ആളുകൾ പങ്കാളികളായി. തിരുവോണം തുടങ്ങി മൂന്നുദിവസം മാത്രം പൊതുസദ്യകൾ ഉണ്ടായിരുന്നില്ല. വീണ്ടും ചാലക്കുടി പെരുമ വാരിവിതറി സത്യവട്ടത്തിന്റെ തൂശനിലകൾ നിരന്നു. ഒമ്പതോളം ചെറുതരം കറികളും പപ്പടം, രണ്ടുതരം പായസം എന്നിവയായിരുന്നു മിക്കയിടങ്ങളിലും വിളമ്പിയത്. അടുത്തത് സനീഷ് കുമാർ ജോസഫ് എം.എൽ.എയുടെ ഊഴമായിരുന്നു. ഹരിത കർമ്മ സേന, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നീ വിഭാഗങ്ങൾക്കും പൊതുപ്രവർത്തകർക്കുമായിരുന്നു അദ്ദേഹം ഓണസദ്യ ഒരുക്കിയത്. ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ മാതാവിന്റെ ജനന തിരുനാളും ഒരർത്ഥത്തിൽ മറ്റൊരു ഓണസദ്യയായി. കഴിഞ്ഞദിവസം വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച ഗംഭീര ഓണസദ്യയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. വെള്ളിയാഴ്ച നഗരസഭ എ.ഡി.എസ് നടത്തിയ കുടുംബശ്രീകളുടെ വാർഷികാഘോഷം ഒന്നാന്തരം ഓണാഘോഷമായി മാറി. ഇനിയും ഓണസദ്യകൾ നടക്കാനിരിക്കുന്നു. അങ്ങനെ ചിങ്ങമാസം കഴിഞ്ഞാലും ചാലക്കുടിയുടെ ഓണവും സദ്യയും തുടർന്നു കൊണ്ടേയിരിക്കുന്ന പതിവ് ഇക്കുറിയും തെറ്റിയില്ല.

രണ്ടും മൂന്നും ആഴ്ചകൾ നീണ്ടുനിൽക്കുന്ന ഓണാഘോഷവും സദ്യയും ചാലക്കുടിയുടെ സംസ്‌കാരമാണ്.
-ഷിബു വാലപ്പൻ
(നഗരസഭാ ചെയർമാൻ)

കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ വാർഷികം മികച്ച ഓണാഘോഷമായി മാറി.
-സനീഷ് കുമാർ ജോസഫ് (എം.എൽ.എ)