വടക്കാഞ്ചേരി : വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലുൾപ്പെടുത്തി നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ ഒക്ടോബർ ആദ്യവാരം പൂർത്തിയാകുമെന്ന് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ (ഡി.ആർ.എം) ദിവ്യകാന്ത് ചന്ദ്രകാർ. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കും. വടക്കാഞ്ചേരി സ്റ്റേഷനിൽ സി.സി.ടി.വി ക്യാമറകളും ആവശ്യമായ വെളിച്ച സംവിധാനവും ഒരുക്കും. അദ്ദേഹം പറഞ്ഞു. കെ.രാധാകൃഷ്ണൻ എം.പി മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസനം, ട്രെയിൻ സ്റ്റോപ്പുകൾ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുള്ള നിവേദനം ഡി.ആർ.എമ്മിന് സമർപ്പിച്ചു. സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ, റെയിൽവേ ഉദ്യോഗസ്ഥരായ മാരിമുത്തു, പ്രവീൺകുമാർ, അജയകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. ആട്ടോർ, പോട്ടോർ, മാരാത്തുകുന്ന്, അമല, അകമല കാട്ടിലെ പാലം, മുള്ളൂർക്കര, പൈങ്കുളം എന്നീ റെയിൽവേ മേൽപ്പാലങ്ങളുടെ പുരോഗതി വിലയിരുത്താൻ ഒക്ടോബർ ആദ്യവാരം തിരുവനന്തപുരത്ത് യോഗം ചേരുന്നതിന് തീരുമാനമെടുത്തു.
വികസന നിർദ്ദേശങ്ങളുമായി കെ.രാധാകൃഷ്ണൻ എം.പി