photo

പാവറട്ടി : നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ പ്രഖ്യാപിച്ച ജില്ലയിലെ മികച്ച പച്ചത്തുരുത്തിനുള്ള പുരസ്‌കാരം രണ്ടാം സ്ഥാനം കരസ്ഥമാക്കി എളവള്ളി കുളവെട്ടി പച്ചത്തുരുത്ത്. എളവള്ളി വാതക ക്രിമറ്റോറിയത്തിനോട് ചേർന്നാണ് നാൽപ്പത്തിയൊന്ന് കുളവെട്ടി മരങ്ങളും ഇരുപത് ഫലവൃക്ഷങ്ങളുമുള്ള കുളവെട്ടി പച്ചത്തുരുത്ത് സ്ഥിതി ചെയ്യുന്നത്. ലോകത്ത് 300 കുളവെട്ടി മരങ്ങളാണ് നിലവിലുള്ളത്. അതിതീവ്ര വംശനാശഭീഷണി നേരിടുന്ന ഞാവൽ വർഗ്ഗത്തിൽപ്പെട്ട സൈസീജിയം ട്രാവൻകോറിക്കം എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന മരങ്ങളാണ് കുളവെട്ടി. കുന്നംകുളം കലശമലയിൽ നിന്നാണ് കുളവെട്ടി മരത്തിന്റെ വിത്തുകൾ സമ്പാദിച്ചത്.

ഭൂമിക്കടിയിലേക്ക് വേരുപടലം ആഴ്ന്നിറങ്ങി ജലത്തെ തടഞ്ഞുനിറുത്തുകയും പ്രദേശത്ത് ജലക്ഷാമം ഇല്ലാതെ സംരക്ഷിക്കുകയുമാണ് കുളവട്ടി മരങ്ങളുടെ പ്രത്യേകത. വർഷാവർഷങ്ങളിൽ തൈകളുടെ പ്രൂണിംഗ് ഉൾപ്പെടെ എല്ലാ മേൽനോട്ടവും തൃശൂർ സെന്റ് തോമസ് കോളേജ് ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫ.പി.വി.ആന്റോയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികളാണ് നിർവഹിക്കുന്നത്.

കണിയാംതുരുത്ത് പാടശേഖരത്തിന്റെ മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന കുളവെട്ടി പച്ചത്തുരുത്ത് വിവിധതരം പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണ്. അമ്പത് സെന്റ് സ്ഥലത്ത് കുളവട്ടി മരങ്ങൾക്ക് പുറമേ മാവ്, പ്ലാവ്, ഞാവൽ, ആപ്പിൾ, നീർമരുത്, പേര, ചാമ്പ, അനാർ, ആര്യവേപ്പ്, കറിവേപ്പ്, ചാമ്പ, അമ്പഴം, സീറ്റ് ലൂബി, നാരകം എന്നീ ഫലവൃക്ഷങ്ങളും നട്ടു പിടിപ്പിച്ചിട്ടുണ്ട്. ക്രിമറ്റോറിയം ജീവനക്കാരാണ് പച്ചത്തുരുത്തിന്റെ ദൈനംദിന ശുശ്രൂഷ ചെയ്തുവരുന്നത്. കവാടം, ഗേറ്റ്, ഇരിപ്പിടം, പ്രദർശന ബോർഡ് എന്നിവയ്ക്കായി അഞ്ച് ലക്ഷം പഞ്ചായത്ത് ചെലവഴിച്ചിട്ടുണ്ട്.