തൃശൂർ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ ഇന്ന് ഘോഷയാത്ര നടക്കുന്നതിനാൽ വൈകിട്ട് 3 മുതൽ ട്രാഫിക് ക്രമീകരണം ഏർപ്പെടുത്തും. സ്വരാജ് റൗണ്ടിലും, തേക്കിൻകാട് മൈതാനി നായ്ക്കനാൽ പ്രദേശത്തും വാഹന പാർക്കിംഗ് അനുവദിക്കില്ല. ഉച്ചയ്ക്ക് മൂന്ന് മുതൽ സ്വരാജ് റൗണ്ടിലും സമീപ റോഡിലും ഗതാഗതം നിയന്ത്രിക്കും. ഘോഷയാത്ര തീരുംവരെ ഒരു തരത്തിലുള്ള വാഹനങ്ങൾക്കും റൗണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല. അത്യാവശ്യ സാഹചര്യത്തിനല്ലാതെ സ്വകാര്യ വാഹനങ്ങളിൽ വരുന്നത് ഒഴിവാക്കണം.
ഘോഷയാത്ര കാണാനെത്തുന്നവർ തേക്കിൻകാട് മൈതാനിയിലും ഫുട്പാത്തിലും സുരക്ഷിതമായ സ്ഥലത്ത് നിന്ന് ആസ്വദിക്കണം. ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളിലും, വൃക്ഷങ്ങൾക്ക് മുകളിലും കയറുന്നത് നിരോധിച്ചിട്ടുണ്ട്. നിർമ്മാണാവസ്ഥയിലുള്ളതും ശരിയായി സുരക്ഷാ ക്രമീകരണം പാലിക്കാതെ നിർമ്മിച്ചതുമായ കെട്ടിടങ്ങളിൽ പ്രവേശിക്കരുത്. റോഡരികിൽ വാഹനങ്ങൾ നിറുത്തിയിടാതെ സുരക്ഷിതമായി വാഹനം പാർക്ക് ചെയ്യാവുന്ന ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. സ്വരാജ് റൗണ്ടും, അനുബന്ധ പ്രദേശങ്ങളും ക്രമസമാധാന പാലനത്തിനും ഗതാഗത ക്രമീകരണത്തിനുമായി തൃശൂർ അസി. കമ്മിഷണറുടെ കീഴിൽ, സെക്ടറുകളാക്കി തിരിച്ച് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കാൽനട, ഇരുചക്രവാഹന, ജീപ്പ് പട്രോളിംഗ് എന്നിവ ഏർപ്പെടുത്തി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമമില്ലാതാക്കാൻ മഫ്ടി, ഷാഡോ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. ജനങ്ങൾ തിങ്ങിക്കൂടുന്ന സ്ഥലങ്ങളിലും, തേക്കിൻകാട് മൈതാനം, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം 24 മണിക്കൂറും സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
എമർജൻസി ടെലിഫോൺ നമ്പർ
തൃശൂർ സിറ്റി കൺട്രോൾ റൂം : 0487 2424193
ടൗൺ ഈസ്റ്റ് സ്റ്റേഷൻ : 0487 2424192
ട്രാഫിക് പൊലീസ് യൂണിറ്റ് : 0487 2445259.
ഗുരുവായൂരിലും നിയന്ത്രണം
ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് ഗുരുവായൂരിൽ ഗതാഗത നിയന്ത്രണം. ക്ഷേത്രത്തിൽ ഇന്ന് 200 ഓളം വിവാഹങ്ങളും നടക്കും. ഇതുമൂലം ഉണ്ടാകുന്ന തിരക്ക് കണക്കിലെടുത്താണ് രാവിലെ 9 മുതൽ ഗതാഗത നിയന്ത്രണം. പാവറട്ടി ഭാഗത്തുനിന്നും വരുന്ന നോൺ ട്രാൻസ്പോർട്ട് ഹെവി വാഹനങ്ങൾ പഞ്ചാരമുക്ക് വഴി ചാവക്കാട് ഭാഗത്തേക്ക് പോകണം. കുന്നംകുളം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ചൂൽപ്പുറത്ത് നിന്ന് പൊലീസ് സ്റ്റേഷൻ റോഡ് വഴി പ്രവേശിച്ച് മാവിൻചുവട് വഴി ഗുരുവായൂരിലെത്തണം. ഔട്ടർ റിംഗ് റോഡിലും ഇന്നർ റിംഗ് റോഡിലും എല്ലാ വാഹനങ്ങൾക്കും വൺവേ ആയിരിക്കും.