കയ്പമംഗലം: കൊപ്രക്കളം സെന്ററിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സമരം. ദേശീയപാത 66 നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊപ്രക്കളത്ത് നടത്തിയ ഗതാഗത ക്രമീകരണം അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നുവെന്നും, ഹൈവേയുടെ സർവീസ് റോഡ് കഴിഞ്ഞിട്ടുള്ള ഭാഗം കൃത്യമായി മൂടാത്തത് മൂലം വാഹനങ്ങൾ മുട്ടി ഉരഞ്ഞാണ് പോകുന്നതെന്നും സമരക്കാർ ആരോപിച്ചു. കൊപ്രക്കളം പഞ്ഞംപള്ളി റോഡ് തുടങ്ങുന്ന ഭാഗത്ത് മാസങ്ങളായി തകർന്നുകിടക്കുന്ന ഭാഗം നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഇതുവരെ ഗതാഗത യോഗ്യമാക്കാൻ നാഷണൽ ഹൈവേ അതോറിറ്റിയോ കൺസ്ട്രക്‌ഷൻ കമ്പനിയോ തയ്യാറാവുന്നില്ല.

ഹൈവേ നിർമ്മാണം ശാസ്ത്രീയമായി നടത്തി ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനപ്രതിനിധികളും യു.ഡി.എഫ് നേതാക്കളും സമരവുമായി രംഗത്തെത്തിയത്. പ്രതിഷേധ സമരം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സി.ജെ.പോൾസൺ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി ഉല്ലാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ.പോൾസൺ, പഞ്ചായത്തംഗം ജിനൂബ് അബ്ദുൾ റഹ്മാൻ, നേതാക്കളായ സി.ജെ.ജോഷി, കെ.ബി.അനിൽ കുമാർ, അഡ്വ.ഷാജു തലാശേരി, പി.എൻ.ദാസൻ എന്നിവർ സംസാരിച്ചു.