കേച്ചേരി: കേച്ചേരി-അക്കിക്കാവ് ബൈപാസിലെ തിരക്കുകൂടിയ ജംങ്ഷനായ പന്നിത്തടം ജംങ്ഷനിൽ സോളാർ പവേർഡ് ഓട്ടമാറ്റിക് സിഗ്‌നലിംഗ് സംവിധാനം കെൽട്രോണിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചു തുടങ്ങി. പന്നിത്തടം സെന്ററിൽ ചാവക്കാട്-വടക്കാഞ്ചേരി സംസ്ഥാന പാത കടന്നുപോകുന്നുണ്ട്. ഈ ഭാഗം വീതികൂട്ടി നിർമ്മാണം നടത്തിയെങ്കിലും വാഹനങ്ങളുടെ അശ്രദ്ധമായ കടന്നുപോക്ക് നിരവധി അപകടങ്ങൾക്ക് കാരണമായി. എ.സി.മൊയ്തീൻ എം.എൽ.എയുടെ നിരന്തര ഇടപെടലിന്റെ ഭാഗമായി പന്നിത്തടം ജംങ്ഷനിൽ സിഗ്‌നൽ സംവിധാനം സ്ഥാപിക്കുന്നതിന് കിഫ്ബി അനുമതി നൽകിയിരുന്നു. ജി.എസ്.ടി ഉൾപ്പെടെ 19,39,854 രൂപയ്ക്കാണ് കെൽട്രോണിന് സിഗ്‌നൽ സ്ഥാപിക്കുന്നതിന് അനുമതി നൽകിയിട്ടുള്ളത്. എ.സി.മൊയ്തീൻ എം.എൽ.എ നിർമ്മാണ പ്രവർത്തനങ്ങൾ സന്ദർശിച്ചു. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ, വൈസ് പ്രസിഡന്റ് പുരുഷോത്തമൻ, ഫ്രാൻസിസ് കൊള്ളന്നൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.