ഒല്ലൂർ: നടത്തറ, പുത്തൂർ പഞ്ചായത്തുകളുടെ അതിർത്തിയായൊഴുകുന്ന മണലി പുഴയിൽ ഒരുക്കുന്ന കൈനൂർ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണോദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി നിർവഹിച്ചു. 2018 ലെ പ്രളയക്കെടുതികൾക്ക് ശേഷം മണലി പുഴയിലെ വെള്ളം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിയാണ് കൈനൂർ ചിറയിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കണമെന്ന തീരുമാനത്തിലെത്തിയതെന്ന് അദ്ധ്യക്ഷത വഹിച്ച് സംസാരിക്കവെ മന്ത്രി അഡ്വ. കെ.രാജൻ പറഞ്ഞു.
മൂർക്കനിക്കര ഗവ. യു.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് വിശിഷ്ടാതിഥിയായി. പി.സിനി, ശ്രീവിദ്യ രാജേഷ്, കെ.അരുൺ ലാൽ, മിനി ഉണ്ണിക്കൃഷ്ണൻ, കെ.വി.സജു, അഡ്വ. പി.ആർ.രജിത്ത്, ഇ.എൻ.സീതാലക്ഷ്മി, പി.കെ.അഭിലാഷ്, ജിയ ഗിഫ്റ്റൻ, പി.എസ്.സജിത്ത്, ടി.കെ.അമൽറാം, പി.ബി.സുരേന്ദ്രൻ, കെ.ജെ.ജയൻ, ടി.ദിലീപ്കുമാർ, ജോയ് അനിക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.
നിർമ്മാണം പത്ത് കോടി ചെലവിൽ
മണലിപ്പുഴയ്ക്ക് കുറുകെ കൈനൂരിൽ പത്ത് കോടി രൂപ ചെലവഴിച്ചാണ് യന്ത്രവത്കൃത ഷട്ടറുകളോട് കൂടിയ റെഗുലേറ്ററും വാഹന ഗതാഗതത്തിനുള്ള പാലവും ഉൾപ്പെടുന്ന കൈനൂർ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുന്നത്. 10 മീറ്റർ നീളവും 2.7 മീറ്റർ ഉയരവുമുള്ള നാല് യന്ത്രവത്കൃത ഷട്ടറുകൾ ഉൾപ്പെടെ മണലിപ്പുഴയുടെ കുറുകെ വരുന്ന 46 മീറ്റർ നീളത്തിൽ റെഗുലേറ്റർ നിർമ്മിക്കുന്നതോടെ പ്രദേശത്തെ ജല ക്രമീകരണം വേഗത്തിൽ നിയന്ത്രിക്കാനും കൈനൂർ പ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനും കഴിയും. നാട്ടുകാരുടെ വളരെ കാലത്തെ ആഗ്രഹ പൂർത്തീകരണം കൂടിയാണ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണം.