soman

ചാലക്കുടി: മതിലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൂപ്പൽ നുള്ളിക്കളയൽ, ചപ്പു ചവറുകൾ എടുത്തുമാറ്റൽ...സ്വന്തം വീട്ടുമുറ്റത്തെ മാത്രമല്ല, നിരത്തിലെയും മാലിന്യങ്ങൾ നീക്കിയില്ലെങ്കിൽ കാരണവർക്ക് ദൈനംദിന ജീവിതത്തിന് പൂർണതയില്ല. പൂലാനിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിനടുത്ത് താന്നിക്കുഴിയിൽ സോമനാണ് 86-ാം വയസിലും സ്വഛ് അമ്പലനട തൈക്കാട്ടുച്ചിറ റോഡ് പദ്ധതി സ്വയം ഏറ്റെടുത്തത്. രാവിലെ എഴുന്നേറ്റാൽ ആദ്യത്തെ പണി റോഡിൽ വീണു കിടക്കുന്ന പ്ലാവിലകൾ നീക്കം ചെയ്യൽ. ഇതിനായി ഒരുക്കിയ കമ്പിയിൽ കുത്തിയെടുക്കുന്ന കരിയിലകൾ ഒരിടത്തു കൂട്ടി കത്തിക്കും. അര കിലോമീറ്ററോളം നീളുന്ന റോഡിന്റെ ഇരുഭാഗത്തുമുള്ള മതിലുകളും വെടുപ്പായി ഇരിക്കണമെന്ന് പ്ലാന്റേഷൻ കോർപ്പറേഷനിൽ തൊഴിലാളിയായിരുന്ന സോമന് നിർബന്ധം. പൂപ്പലുകളും ഇത്തിക്കണ്ണിപ്പോലെയുള്ള ചെടികളും പറിച്ചെടുത്ത് ശുചീകരിക്കും. ആവശ്യത്തിന് കോലരിയും ഉപയോഗിക്കും. ആറു വർഷമായി തുടരുന്ന സേവനത്തിന് പരിസരത്തുള്ളവർ പലപ്പോഴും സഹായം നൽകാൻ തുനിഞ്ഞു. സ്‌നേഹ വാക്കുകളോടെ അതെല്ലാം അവഗണിച്ചു. ഇതെല്ലാം സേവനമാണെന്ന് സോമൻ കാരണവർ പറയുന്നു. ജോലി ചെയ്തിരുന്ന കാലഘട്ടത്തിൽ പരിസര ശുചീകരണത്തിന് പ്ലാന്റേഷൻ കോർപ്പേറേഷൻ ഉദ്യോഗസ്ഥർ സോമനെ പലപ്പോഴും ശ്ലാഘിച്ചിട്ടുണ്ട്. ജീവിത ചര്യയിലും ഇന്നും ശുദ്ധി കാത്തുസൂക്ഷിക്കുന്നു. ചാലക്കുടിയിലെ ചുമട്ടു തൊഴിലാളിയായിരുന്ന അനിരുദ്ധന്റെ പിതാവാണ്. മകന്റെ മരണം സോമന്റെ മനസിന് ഇന്നും തീരാനോവാണ്. മരുമകളോടും പേരക്കുട്ടിയോടുമൊപ്പമാണ് അഞ്ചാം വാർഡിലെ തൈക്കാട്ടുച്ചിറ റോഡിൽ താമസിക്കുന്നത്.