sobha-yathra

തൃപ്രയാർ: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്ന മഹാശോഭായാത്ര തൃപ്രയാറിനെ അമ്പാടിയാക്കി. നൂറുകണക്കിന് ബാലികാ, ബാലന്മാർ ശോഭയാത്രയിൽ അണിനിരന്നു. തൃപ്രയാർ മണ്ഡലം ബാലഗോകുലത്തിന്റെ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര. നാട്ടികയിലെ വിവിധ മേഖലകളിൽ നിന്നും ശോഭയാത്രകൾ വൈകിട്ട് ആറോടെ തൃപ്രയാർ ജംഗ്ഷനിൽ സംഗമിച്ചു. മഹാശോഭയാത്രയായി തൃപ്രയാർ ശ്രീരാമക്ഷേത്ര സന്നിധിയിൽ സമാപിച്ചു.

ശോഭയാത്രയെ വീക്ഷിക്കാനും നിറപറയും നിലവിളക്കും വച്ച് വരവേൽക്കാനും തൃപ്രയാറിലും ക്ഷേത്രവഴിയിലും ആയിരങ്ങൾ തടിച്ചുകൂടി. മേളം, പഞ്ചവാദ്യം, ശിങ്കാരിമേളം, രഥം, നാടൻ കലകൾ, നാദസ്വരം, നിശ്ചലദൃശൃങ്ങൾ എന്നിവ യാത്രയുടെ മാറ്റുകൂട്ടി. ആഘോഷകമ്മിറ്റി ഭാരവാഹികളായ സി.ജെ.ജിനു, എം.വി.വിജയൻ, ഇ.ജി.ശിവരാമൻ, പ്രവീൺ കുയിലംപറമ്പിൽ, എ.കെ.ചന്ദ്രശേഖരൻ, ജോഷി ബ്‌ളാങ്ങാട്ട്, ദിനേശ് വെള്ളാഞ്ചേരി എന്നിവർ നേതൃത്വം നൽകി.