തൃപ്രയാർ: ഗുരുദേവ ജയന്തിയുടെ ഭാഗമായി കപിലാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ തൃപയാറിൽ ശ്രീനാരായണ ധർമ്മ വിവക്ഷയും ഗ്രന്ഥവിചാരസദസും നടത്തി. മേൽതൃക്കോവിൽ ശിവക്ഷേത്രം ഹാളിൽ തൃപ്രയാർ ശ്രീരാമ ക്ഷേത്രം മേൽശാന്തി കാവനാട് രവി നമ്പൂതിരി ഭദ്രദീപം തെളിച്ചു. ചെറുശ്ശേരി വിവേകാനന്ദാശ്രമത്തിലെ മുഖ്യ ഉപദേഷ്ടാവ് പുരുഷോത്തമാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. കപിലാശ്രമം അദ്ധ്യക്ഷൻ തേജസ്വരൂപാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിച്ചു. വ്യാസഭഗവാനെക്കുറിച്ച് താൻ രചിച്ച് പുറത്തിറങ്ങാൻ പോകുന്ന പുസ്തകത്തെ കുറിച്ചുള്ള ഗ്രന്ഥവിചാരവും നടത്തി. അമരിപ്പാടം ഗുരുനാരായണാശ്രമം മഠാധിപതി ബ്രഹ്മസ്വരൂപാനന്ദ സ്വാമികൾ ശ്രീനാരായണ ധർമ്മ വിവക്ഷ നിർവഹിച്ചു. പെരിങ്ങോട്ടുകര കാനാടിക്കാവ് മഠാധിപതി ഡോ. കെ. കെ. വിഷ്ണുഭാരതീയ സ്വാമികൾ പുസ്തകപ്രസാധന നിധി സമർപ്പണം നിർവഹിച്ചു. കപിലസേവാ സമിതി അദ്ധ്യക്ഷൻ എ.സതീഷ്ചന്ദ്രൻ മാസ്റ്റർ ആമുഖ പ്രസംഗം നടത്തി. എസ്. എൻ.ഡി.പി. യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, ധീവരസഭ സംസ്ഥാന കൗൺസിലർ ജോഷി ബ്ലാങ്ങാട്ട്, മധുശക്തിധരപ്പണിക്കർ, കെ. രവീന്ദ്രനാഥൻ തുടങ്ങിയവർ സംസാരിച്ചു.