kav

കൊടുങ്ങല്ലൂർ : ഹരിത കേരള മിഷൻ പ്രഖ്യാപിച്ച ജില്ലയിലെ മികച്ച പച്ചത്തുരുത്ത് കാവിനുള്ള പുരസ്‌കാരം ശ്രീനാരായണപുരം പഞ്ചായത്തിലെ ശങ്കുളങ്ങര കാവിന്. മികച്ച പച്ചതുരുത്തുകൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം 16ന് തിരുവനന്തപുരം ടാഗോർ ഹാളിൽ പ്രസിഡന്റ് എം.എസ്.മോഹനൻ ഏറ്റുവാങ്ങും. കഴക്കൂട്ട് കുടുംബട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള മൂന്നര ഏക്കർ ഭൂമിയിലാണ് കാവ്. 2019-20 വർഷത്തിൽ ജൈവ വൈവിദ്ധ്യ ബോർഡ് നടപ്പാക്കിയ കാവ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയ 1.05 ലക്ഷം ചെലവഴിച്ചാണ് പുനരുദ്ധാരണ പ്രവർത്തനം നടത്തിയത്. 179 തരം പുഷ്പ സസ്യങ്ങൾ, 54 തരം ഔഷധസസ്യങ്ങൾ, 132 തരം പക്ഷികൾ, 54 തരം ഔഷധസസ്യങ്ങൾ, 42 വിഭാഗം ചിത്രശലഭങ്ങൾ, 31 വിഭാഗം പൂമ്പാറ്റകൾ എന്നിവയും കരിമ്പൂതാൻ, കുളവ്, കമ്പകം, അശോകം തുടങ്ങിയ വംശനാശ ഭീഷണി നേരിടുന്ന അപൂർവ ഇനം സസ്യങ്ങളും കാവിലുണ്ട്.
കാവിൽ നിന്നും ശേഖരിച്ച വിത്തുകൾ നഴ്‌സറിയിൽ മുളപ്പിച്ച് കാവിനകത്ത് നട്ടുവളർത്തി. തൊഴിലുറപ്പ് തൊഴിലാളികളെ പ്രയോജനപ്പെടുത്തിയാണ് പച്ചത്തുരുത്തിലെ പുനരുദ്ധാരണ പ്രവർത്തനം നടത്തിയത്. ജൈവ വൈവിദ്ധ്യ ബോർഡും പഞ്ചായത്തും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സംഖ്യ വിനിയോഗിച്ച് കാവുകളുടെയും കുളങ്ങളുടെയും പുനരുദ്ധാരണ പ്രവർത്തനം രണ്ടാം ഘട്ടത്തിൽ നടത്തി. മൂന്നാംഘട്ടത്തിൽ കാവും കുളങ്ങളും സംരക്ഷിക്കുന്ന പ്രവൃത്തി ഏറ്റെടുത്തു നടപ്പാക്കി വരുന്നു. തീരദേശ ആവാസ വ്യവസ്ഥ പുന:സ്ഥാപനം, കാവുകളുടെ സംരക്ഷണം, പച്ചത്തുരുത്ത് നിർമ്മാണം എന്നിവയെക്കുറിച്ച് എം.ഇ.എസ് അസ്മാബി കോളേജിൽ കോൺഫറൻസ് നടത്തി. തീരദേശ ജൈവകവചം, ഔഷധസസ്യക്കൃഷി, പച്ചത്തുരുത്ത്, ഓർമ്മത്തുരുത്ത്, ബയോ പാർക്ക്, കണ്ടൽച്ചെടി വച്ചുപിടിപ്പിക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളും ശങ്കുളങ്ങരകാവ് പുന:സ്ഥാപന പഠനത്തെ തുടർന്ന് നടത്തുന്നു. ജൈവ വൈവിദ്ധ്യ ബോർഡ്, ഹരിത കേരള മിഷൻ, ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പഞ്ചായത്ത് തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ സഹായ സഹകരണത്തോടെയാണ് പച്ചതുരുത്ത് വ്യാപനം നടപ്പിലാക്കിയത്.