അന്തിക്കാട്: കാഞ്ഞാണിയിൽ സർവീസ് നടത്തുന്ന ആക്ട്‌സ് സംഘടനയുടെ ആംബുലൻസ് ജനങ്ങൾ വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന് പരാതി. ആംബുലൻസ് കം പേഷ്യന്റ് ട്രാൻസ്‌പോർട്ട് വാഹനങ്ങൾ സൗജന്യ സർവീസാണ് നടത്തുന്നത്. മണലൂർ, അന്തിക്കാട്, അരിമ്പൂർ പഞ്ചായത്തുകളിൽ ഉള്ളവർക്ക് ഈ ആംബുലൻസിന്റെ സേവനം 24 മണിക്കൂറും സൗജന്യമായി ലഭിക്കും. ഈ ആംബുലൻസ് അപകടങ്ങളിൽപ്പെട്ടവരെ കൊണ്ടു പോകാൻ മാത്രമല്ല അത്യാവശ്യ ഘട്ടത്തിൽ ആളുകൾക്ക് ആശുപത്രിയിൽ എത്തിക്കാനും സൗകര്യം ഒരുക്കുന്നുണ്ടെന്ന് പ്രസിഡന്റ് ബി.ആർ.ജേക്കബ് പറഞ്ഞു. ആറ് മാസം മുൻപാണ് കാഞ്ഞാണിയിൽ ആക്ട്‌സിന്റെ ആംബുലൻസ് സർവീസ് ആരംഭിക്കുന്നത്. ഓക്‌സിജൻ സൗകര്യത്തോടുകൂടിയ ആംബുലൻസ് 14 ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. ഡ്രൈവറുടെ ശമ്പളവും ഡീസലും അടക്കം 60000 രൂപയോളം പ്രതിമാസം ഇതിനായി മാറ്റിവയ്ക്കണം. മറ്റു നിരവധി സ്വകാര്യ ആംബുലൻസുകളും ഈ മേഖലയിലുണ്ട്. ഇവർക്കുള്ളതിനേക്കാൾ ഓട്ടം കുറവാണ് സൗജന്യ സർവീസ് നടത്തുന്ന ആക്ട്‌സിന്റെ ആംബുലൻസിനെന്ന് പറയുന്നു. ഫോൺ: 9072400404.