തൃശൂർ: ദ്വാപരയുഗത്തെ അനുസ്മരിപ്പിച്ച് നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം. ഉണ്ണിക്കണ്ണൻമാരും ഗോപികമാരും കളിചിരി തൂകി നിറഞ്ഞാടിയ സായാഹ്നം തെരുവീഥികൾ അമ്പാടിയായി. നിശ്ചല ദൃശ്യങ്ങളും ഗോപികാനൃത്തവും വാദ്യമേളങ്ങളുടെ അകമ്പടിയിലുള്ള ഘോഷയാത്രയും റോഡിന് ഇരുവശവും നിലയുറപ്പിച്ചവർക്ക് കണ്ണിന് കുളിരായി.
മഞ്ഞ പട്ടുടുത്ത മയിൽപ്പീലി ചൂടിയ നൂറു കണക്കിന് ഉണ്ണിക്കണ്ണൻമാർ കൈകളിൽ ഓടക്കുഴലുമായി വീഥികളിൽ പിച്ചവച്ചു.
ഉച്ച കഴിഞ്ഞപ്പോൾ തന്നെ നഗരം കൃഷ്ണമയമായി. രാധാ ഗോപികാമാർ, കുചേലന്മാർ, വിവിധ ദേവ സങ്കൽപ്പങ്ങൾ തുടങ്ങിയ വേഷം ധരിച്ച ബാലികാബാലന്മാരും സൗന്ദര്യമായി. ബാലഗോകുലങ്ങളുടെ നേതൃത്വത്തൽ നടന്ന ശോഭായാത്രകളിൽ ഉണ്ണിക്കൃഷ്ണ വേഷം ധരിച്ച കുട്ടികളും നിശ്ചല ദൃശ്യങ്ങളും ശ്രീകൃഷ്ണാവതാര കഥകളെ ഓർമ്മിപ്പിക്കുന്നതായി.
ഉറിയടി, രാധാകൃഷ്ണ നൃത്തം, ഗോപികാനൃത്തം എന്നിവ അമ്പാടിയെയും മഥുരയെയും അനുസ്മരിപ്പിച്ചു.
ബാലദിനമായി ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 1100 ശോഭായാത്രകളാണ് വിവിധ മേഖലകളിൽ അണിനിരന്നത്. തൃപ്രയാർ മണ്ഡലം ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ 14 ബാലഗോകുലങ്ങളിൽ നിന്നുള്ള ശോഭയാത്രകൾ തൃപ്രയാർ സെന്ററിൽ സംഗമിച്ച് മഹാശോഭ യാത്രയായി ശ്രീരാമക്ഷേത്രത്തിൽ സമാപിച്ചു.
സ്വരാജ് റൗണ്ടിലും ശോഭായാത്ര
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ ശോഭായാത്രകൾ സംഘടിപ്പിച്ചു. പാറമേക്കാവ് ക്ഷേത്രത്തിനു മുൻപിൽ നിന്ന് ആരംഭിച്ച ശോഭായാത്ര കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി ചീഫ് ഫിസിഷ്യൻ ഡോ. സി. പത്മജൻ ഉദ്ഘാടനം ചെയ്തു. 25 ഓളം ബോലഗോകുലങ്ങളിൽ നിന്നായി 1500 ഓളം രാധാകൃഷ്ണ വേഷങ്ങളണിഞ്ഞ കുട്ടികളും ഭജനസംഘങ്ങൾ, നിശ്ചലദൃശ്യങ്ങൾ തുടങ്ങിയവയും അണിനിരന്നു. ബാലഗോകുലം ജില്ലാ കാര്യദർശി പി. ഷമ്മി, പ്രീത ചന്ദ്രൻ, വി.എൻ. ഹരി, സി.കെ. മധു നേതൃത്വം നൽകി.
കൃഷ്ണഭക്തിയിൽ ഗുരുവായൂർ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നഗരിയെ വൃന്ദാവനമാക്കി ഘോഷയാത്രകൾ. അഷ്ടമിരോഹിണി ആഘോഷങ്ങളുടെ ഭാഗമായി താലപ്പൊലിയുടെ അകമ്പടിയിൽ ഘോഷയാത്രകളും ഉറിയടിയും ജീവത എഴുന്നള്ളത്തും ക്ഷേത്ര നഗരിയിലെത്തി ഗുരുപവനപുരി വൃന്ദാവനമാക്കി. മമ്മിയൂർ ക്ഷേത്രത്തിൽ നിന്നും ഗുരുവായൂർ നായർ സമാജത്തിന്റെ നേതൃത്വത്തിലുള്ള അഷ്ടമി രോഹിണി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും പെരുന്തട്ട ക്ഷേത്രത്തിൽ നിന്നും ശിവകൃഷ്ണ ഭക്തസേവാ സംഘത്തിന്റെ ആഭിമുഖ്യത്തിലുമായിരുന്നു ഘോഷയാത്രകൾ. ശിവകൃഷ്ണ ഭക്തസേവാ സംഘത്തിന്റെ ഘോഷയാത്ര ക്ഷേത്ര നഗരി വലം വെച്ച് കിഴക്കേ നടയിൽ സമാപിച്ചു. അഷ്ടമി രോഹിണി ആഘോഷ കമ്മിറ്റിയുടെ ഘോഷയാത്ര മമ്മിയൂർ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ക്ഷേത്ര നഗരി വലം വെച്ച് മമ്മിയൂർ ക്ഷേത്രത്തിൽ സമാപിച്ചു. രാവിലെ നെന്മിനി ബലരാമ ക്ഷേത്രത്തിൽ നിന്നും ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പും രാത്രി നായർ സമാജത്തിന്റെ നേതൃത്വത്തിൽ മമ്മിയൂർ ക്ഷേത്രത്തിൽ നിന്നും താലപ്പൊലിയുടെ അകമ്പടിയിൽ കെട്ട് കാഴ്ച്ചയും ഉണ്ടായി.