തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ വാർഡ്, ഡിവിഷൻ തലങ്ങളിൽ പ്രവർത്തനങ്ങൾ സജീവമാക്കി മുന്നണികൾ. വാർഡ് പുനഃസംഘടനയ്ക്കു ശേഷം സംവരണ വാർഡുകൾ ഏതൊക്കെ എന്നതിൽ ഈ മാസം അവസാനത്തോടെ തീരുമാനമാകും. സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഈ ആഴ്ച്ച ആരംഭിച്ചേക്കും. സംവരണകാര്യത്തിൽ തീരുമാനമായിട്ടില്ലെങ്കിലും സ്ഥാനാർത്ഥികളുടെ ചരടുവലികൾക്ക് തുടക്കമായിട്ടുണ്ട്.
ഒരോ വാർഡുകളിലും വനിതാ സ്ഥാനാർത്ഥികൾ അടക്കം നരിവധിപേർ സംവരണ സീറ്റുകൾക്കായി ഇപ്പോൾ തന്നെ ഉണ്ട്. 2015ലും 2020ലും തുടർച്ചയായി സംവരണമായ വാർഡുകൾ സ്വഭാവികമായി ജനറൽ വാർഡുകളായി മാറും. എന്നാൽ, പുതിയ വിഭജനമനുസരിച്ച് വാർഡ് വിഭജനത്തിലൂടെ പുതുതായി രൂപീകരിച്ച വാർഡിൽ നിലവിലുള്ള വാർഡിലെ 50 ശതമാനത്തിലധികം ജനസംഖ്യയുണ്ടെങ്കിൽ അത് നിലവിലുള്ള സംവരണ വാർഡായി കണക്കാക്കും.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ശക്തമായ ആധിപത്യം സ്ഥാപിക്കാൻ സാധിച്ചിരുന്നു. ഇത്തവണ രാഷ്ട്രീയ കാലാവസ്ഥ തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷ യു.ഡി.എഫും എൻ.ഡി.എയും പുലർത്തുന്നുണ്ട്.

സമരങ്ങൾ സജീവം

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ സമരമുഖങ്ങളും സജീവമാണ്. വാർഡുകളിലെ നിസാര വിഷയങ്ങൾ വരെ ജനകീയ സമരങ്ങളാക്കി മാറ്റുകയാണ് മുന്നണികൾ. പ്രധാനമായും റോഡ്, വഴിവിളക്കുകൾ എന്നിവയെ ചുറ്റിപ്പറ്റിയാണ് സമരങ്ങൾ. സംസ്ഥാനത്ത് തന്നെ ഗ്രാമീണ റോഡുകളെല്ലാം തന്നെ തകർന്ന് തരിപ്പണമായി കിടക്കുകയാണ്. ജലജീവൻ മിഷന് വേണ്ടി പൊളിച്ച റോഡുകൾ ഭൂരിഭാഗം പഞ്ചായത്തുകളിലും റീടാറിംഗ് നടത്താത്തതെല്ലാം ഇപ്പോൾ ഉയർന്ന് തുടങ്ങിയിട്ടുണ്ട്.

പ്രചാരണം തുടങ്ങി


വാർഡ് തലങ്ങളിൽ സജീവമായി മുന്നണി പ്രവർത്തകർ ഇറങ്ങിത്തുടങ്ങി. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ വികസന സന്ദേശ യാത്രകൾ നടത്തുമ്പോൾ കോൺഗ്രസാകട്ടെ ബൂത്ത് തലങ്ങളിൽ ലഘുലേഖ പ്രചാരണമാണ് പൂർത്തിയാക്കിയത്. ബി.ജെ.പി ഇതിനകം വാർഡ് സമ്മേളനങ്ങളും പൂർത്തിയാക്കി.