suresh-gopi

തൃപ്രയാർ: ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ നൽകുന്നത് തന്റെ ശൈലിയല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഭവനനിർമ്മാണം സംസ്ഥാന വിഷയമാണ്. അത്തരം അഭ്യർത്ഥനകളിൽ ഒരാൾക്ക് മാത്രം തീരുമാനമെടുക്കാനാവില്ല. പുള്ള് സ്വദേശി കൊച്ചു വേലായുധന്റെ നിവേദനം സ്വീകരിച്ചില്ലെന്ന വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

പൊതുപ്രവർത്തകനായി എന്ത് ചെയ്യാൻ കഴിയും, കഴിയില്ല എന്നതിനെക്കുറിച്ച് ധാരണയുണ്ട്. പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ നൽകാറില്ല. മറ്റൊരു പാർട്ടി ആ കുടുംബത്തിന് സുരക്ഷിത ഭവനം ഉറപ്പാക്കാൻ മുന്നോട്ടുവന്നതിൽ സന്തോഷമുണ്ട്. രാഷ്ട്രീയ ഉന്നം ഉള്ളതാണെങ്കിലും താൻ കാരണം അവർക്ക് വീട് ലഭ്യമായല്ലോയെന്നും സുരേഷ് ഗോപി പറഞ്ഞു.

കലുങ്ക് സൗഹാർദ്ദ സംവാദം നടത്തുന്നതിനിടെയാണ് വയോധികന്റെ നിവേദനം പരിഗണിക്കാതിരുന്നത്. ജനപ്രതിനിധി പാവപ്പെട്ടവരെയും പരിഗണിക്കണമെന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ, കൊച്ചു വേലായുധന് വീടുവച്ച് നൽകുമെന്ന് അറിയിച്ചിരുന്നു.