charamam-

ഏങ്ങണ്ടിയൂർ: മദ്യപിച്ചുണ്ടായ വാക്കേറ്റത്തിനിടയിൽ മകൻ തള്ളിയിട്ട അച്ഛൻ മരിച്ചു. ഏങ്ങണ്ടിയൂർ മണപ്പാട് മോങ്ങാടി രാമു(71)വാണ് മരിച്ചത്. പ്രതിയായ മകൻ രാഗേഷിനെ (35) വാടാനപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 9നായിരുന്നു സംഭവം. രാഗേഷ് മദ്യലഹരിയിൽ അച്ഛനുമായി വഴക്കുണ്ടാക്കുകയും തുടർന്ന് അച്ഛനെ പിടിച്ചു തള്ളുകയുമായിരുന്നു. ചുമരിൽ തലയിടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റാണ് രാമു മരിച്ചത്.

രാഗേഷും രാമുവും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. രാമുവിന്റെ ഭാര്യ ശകുന്തള മൂന്നു ദിവസമായി ചാവക്കാട് മുത്തൻമാവിലുള്ള ബന്ധുവിന്റെ വീട്ടിലായിരുന്നു. സംഭവശേഷം രാഗേഷ് അമ്മയെ വിളിച്ച് അച്ഛനെ പിടിച്ച് തള്ളിയിട്ടെന്നും അനക്കമില്ലെന്നും അറിയിച്ചു. ശകുന്തള ഉടൻ വീട്ടിലെത്തി രാമുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വാടാനപ്പിള്ളി പൊലീസ് ഇൻസ്‌പെക്ടർ എൻ.ബി.ഷൈജു, എസ്‌.ഐ മുഹമ്മദ് റാഫി,ഉദ്യോഗസ്ഥരായ സുരേഖ്,റിഷാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.