കൊടകര : കാസർകോഡ് നിന്നും തിരുവനന്തപുരത്തേക്ക് ഒക്ടോബർ 7 മുതൽ 21 വരെ ശ്രേഷ്ഠ സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ ഭാഗമായി 17ന് കൊടകരയിൽ സനാതന ധർമ്മ സദസ് നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3ന് പൂനിലാർക്കാവ് ക്ഷേത്രം കാർത്തിക ഭജന മണ്ഡപത്തിലാണ് സനാതന ധർമ്മ സദസ് നടത്തുന്നത്. തകരുന്ന കുടുംബ ബന്ധങ്ങളും വഴി പിഴയ്ക്കുന്ന യുവത്വങ്ങളും ഏറിവരുന്ന കാലഘട്ടത്തലും ലഹരി ഉപയോഗം അപകടകരമായി ഏറിവരുന്ന സാഹചര്യത്തിലും കേരളത്തെ പഴമയിലേക്ക് നയിക്കുക എന്ന സന്ദേശവുമായാണ് സനാതന ധർമ്മ സദസ് സംഘടിപ്പിക്കുന്നത്. സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി അദ്ധ്യക്ഷനാവും. സ്വാമി അയ്യപ്പദാസ് വിഷയാവതരണം നടത്തും. സ്വാമി ബ്രഹ്മസ്വരൂപാനന്ദ, സ്വാമി നന്ദാത്മജാനന്ദ, സ്വാമി വേദാമൃതപുരി, സ്വാമി ശുദ്ധവിഗ്രഹാനന്ദ തീർത്ഥപാദർ എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തും. ഗാന്ധി നഗറിൽ എത്തിച്ചേരുന്ന സന്യാസിമാരെ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ഭജനമണ്ഡപത്തിലേക്ക് ആനയിക്കും. വാർത്താ സമ്മേളനത്തിൽ സ്വാമി ദേവചൈതന്യാനന്ദ സരസ്വതി, സത്യൻ കുറുവത്ത്, എം.വി.മധുസൂദനൻ, പി.പി.സുരേഷ്, എം.സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.