news-photo

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ജനകീയാസൂത്രണം വഴി നടപ്പാക്കുന്ന വാർഡിൽ ഒരു സംരംഭം, വീടിന് ഒരു തൊഴിൽ പദ്ധതിയുടെ ഭാഗമായി എട്ടാം വാർഡിൽ ആരവം ടൈലറിംഗ് യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ എം.കൃഷ്ണദാസ് നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ അനീഷ്മ ഷനോജ് അദ്ധ്യക്ഷയായി. സ്വയം സംരംഭകത്വത്തിലൂടെ വ്യക്തിത്വമുള്ളവരും സാമ്പത്തിക അഭിവൃദ്ധിയുമുള്ളവരായി വനിതകൾ മാറിയെന്നും വനിതാ സംരംഭകരെയും സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നയ സമീപനങ്ങളാണ് നാളിതുവരെയുള്ള നഗരസഭാ കൗൺസിൽ സ്വീകരിച്ചതെന്നും ചെറുകിട വ്യവസായിക സൗഹൃദ നഗരസഭയെന്ന ഖ്യാതി നിലനിറുത്താൻ നഗരസഭയ്ക്ക് കഴിഞ്ഞെന്നും ചെയർപേഴ്‌സൺ എം.കൃഷ്ണദാസ് പറഞ്ഞു. സ്ഥിരംസമിതി അദ്ധ്യക്ഷരായ എ.എം.ഷഫീർ, ശൈലജ സുധൻ, ബിന്ദു അജിത്ത് കുമാർ, കൗൺസിലർമാരായ രഹിത പ്രസാദ്, ബിന്ദു പുരഷോത്തമൻ, വ്യവസായ ഓഫീസർമാരായ വി.സി.ബിന്നി, എം.പി.സിന്ധു, കെ.ഷിനോജ്, തൈക്കാട് സഹകരണ ബാങ്ക് സെക്രട്ടറി ഹാരിസ് പാലുവായ് എന്നിവർ സംസാരിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആകെ പദ്ധതിച്ചെലവിന്റെ 75% സബ്‌സിഡിയും ബാക്കി തുക ബാങ്ക് വായ്പാ വഴിയുമാണ് സംരംഭം നടപ്പാക്കി വരുന്നത്.