കൊരട്ടി : കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾക്കുമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പാക്കിയ പച്ചത്തുരുത്ത് പദ്ധതിക്ക് കൊരട്ടി പഞ്ചായത്തിന് രണ്ടാം സ്ഥാനം. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രി വളപ്പിൽ 2021-22 മുതൽ പ്രാവർത്തികമാക്കിയ പദ്ധതി മറ്റു സ്ഥാപനങ്ങൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാനത്ത് രണ്ടാം സ്ഥാനം നൽകിയത്. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇന്ന് തിരുവനന്തപുരം ടാഗോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്യും.
സംരക്ഷിക്കപ്പെട്ടത് 270 വൃക്ഷത്തൈകൾ
മറ്റ് സ്ഥാപനങ്ങൾ വിഭാഗത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയ ഗാന്ധിഗ്രാം ആശുപത്രിയിലെ പച്ചത്തുരുത്തിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ 35 ഇനങ്ങളിലായി 270 വൃക്ഷത്തൈകൾ സംരക്ഷിക്കപ്പെട്ടു. പഞ്ചായത്ത് സ്വന്തമായി നട്ട് വളർത്തിയ നഴ്‌സറിയിലെ പതിനായിരം തൈകളാണ് പച്ചത്തുരുത്തിൽ ഉപയോഗിച്ചത്. 19 തൊഴിലുറപ്പ് തൊഴിലാളികളുടെ 614 തൊഴിൽ ദിനങ്ങൾ വഴി 184674 രൂപ കൂലിയിനത്തിൽ ചെലവഴിക്കുകയും ചെയ്തു. സംസ്ഥാനത്ത് മൊത്തം 1272 ഏക്കറിലെ പച്ചത്തുരുത്തുകളിൽ തൃശൂരിൽ മാത്രം 50 ഏക്കറിൽ നിലവിലുണ്ട്. ഇവയുടെ സംരക്ഷണവും പരിപാലനവും അവാർഡിന് പരിഗണിക്കപ്പെട്ടു.