
തൃശൂർ: നഗരം നിശ്ചലം... കോർപറേഷൻ ഓഫീസ്, സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ്, ഡി.ഐ.ജി ഓഫീസ്, ഈസ്റ്റ് പൊലീസ് സ്റ്റേഷൻ, സ്വരാജ് റൗണ്ടിന് ചുറ്റിലുമുള്ള ഓഫീസുകൾ... എവിടെയും കറന്റില്ല. ഇന്നലെ രാവിലെ 11ന് നിലച്ച വൈദ്യുതി വന്നത് വൈകിട്ടോടെ. മുനിസിപ്പൽ ഓഫീസ് ഫീഡറും വെളിയന്നൂർ ഫീഡറും കേടായതാണ് കാരണം. കോർപറേഷൻ വൈദ്യുതി വിഭാഗത്തിലെ സ്റ്റാഫ് പാറ്റേൺ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ജീവനക്കാർ ഇന്നലെ രണ്ടാം ദിവസവും പണിമുടക്കിയതോടെ വൈദ്യുതി മുടങ്ങിയത് മണിക്കൂറുകൾ.
കോർപറേഷൻ വൈദ്യുതി വിഭാഗത്തിന് കീഴിൽ 18 ഫീഡറുകളാണുള്ളത്. രണ്ട് ഫീഡറുകളിൽ വൈദ്യുതി നിലച്ചതോടെ പഴയ പോസ്റ്റ് ഓഫീസ് റോഡിലും മുനിസിപ്പൽ റോഡിലും സ്വരാജ് റൗണ്ടിലുമുള്ള നൂറുകണക്കിന് സ്ഥാപനങ്ങളെ ബാധിച്ചു. ഇതിനിടെ ലത്തീൻ പള്ളിക്ക് സമീപമുള്ള ട്രാൻസ്‌ഫോർമറും കേടായി അവിടെയും വൈദ്യുതി നിലച്ചു.
സ്വന്തമായി വൈദ്യുതി വിതരണം നടത്തുന്ന തൃശൂർ കോർപറേഷനിലെ വൈദ്യുതി വിഭാഗത്തിൽ 229 ജീവനക്കാരുണ്ടായിരുന്നത് തദ്ദേശ സ്വയംഭരണ വകുപ്പ് 103 ആക്കി വെട്ടിച്ചുരുക്കിയിരുന്നു. പ്രവർത്തനം താളം തെറ്റിക്കുന്ന നടപടിയിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.
കടുംവെട്ട്
കെ.എസ്.ഇ.ബിക്ക് സമാനമായ റിസ്‌കിൽ ജോലിയെടുക്കുന്ന ജീവനക്കാർക്ക് ശമ്പള പരിഷ്‌കരണമെന്നത് ദീർഘകാല ആവശ്യമായിരുന്നു. സ്റ്റാഫ് പാറ്റേൺ പുനർനിർണയിച്ചശേഷം പരിഗണിക്കാമെന്നായിരുന്നു സർക്കാർ ഉറപ്പ്. എന്നാൽ പുതിയ സ്റ്റാഫ് പാറ്റേണിൽ പകുതിയിലേറെ ജീവനക്കാരെ വെട്ടിക്കുറച്ചു. 2013ൽ നടപ്പാക്കേണ്ട ശമ്പള പരിഷ്‌കരണം 2018ലാണ് നടപ്പാക്കിയത്. പിന്നീട് കെ.എസ്.ഇ.ബി ജീവനക്കാർക്ക് ശമ്പളം വർദ്ധിപ്പിച്ചെങ്കിലും ഏഴുവർഷക്കാലമായി നയാപൈസ കൂട്ടിയില്ലെന്നാണ് കോർപറേഷൻ വൈദ്യുത ജീവനക്കാരുടെ പരാതി.
വെട്ടിയത് അടിസ്ഥാന തൊഴിലാളികളെ
24 മണിക്കൂറും പ്രവർത്തിക്കേണ്ട വൈദ്യുതി വിഭാഗത്തിൽ വെട്ടിക്കുറച്ചത് അടിസ്ഥാന തൊഴിലാളികളെ. 51 ലൈൻമാൻമാർ വേണ്ടിടത്ത് പുതിയ ലിസ്റ്റിലുള്ളത് അഞ്ചുപേർ മാത്രം. 50 ഇലക്ട്രിസിറ്റി വർക്കർമാർ ഉണ്ടായിരുന്നത് 18 പേരാക്കി ചുരുക്കി. അഞ്ച് ഡ്രൈവർമാർ വേണ്ടിടത്ത് പുതിയ ഉത്തരവ് പ്രകാരം ഒരാൾ മാത്രമായി. വൈദ്യുതി വിഭാഗത്തിന് കീഴിലുള്ള അഞ്ച് വാഹനങ്ങൾ ഒരു ഡ്രൈവറെ ഉപയോഗിച്ച് രാവുംപകലും എങ്ങനെ ഓടിക്കുമെന്നാണ് ജീവനക്കാരുടെ ചോദ്യം.
വിസ്തീർണം: 12.5 സ്‌ക്വയർ കിലോമീറ്റർ
ഉപയോക്താക്കൾ: 45000
ഫീഡറുകൾ: 18
വെട്ടിക്കുറച്ച ജീവനക്കാർ: 126