
വടക്കാഞ്ചേരി: മജിസ്‌ട്രേറ്റ് കോടതിയിൽ കെ.എസ്.യു നേതാക്കളെ മുഖംമൂടിയും കൈവിലങ്ങും അണിയിച്ച് ഭീകരവാദികളെ പോലെ ഹാജരാക്കിയ വടക്കാഞ്ചേരി എസ്.എച്ച്.ഒ ഷാജഹാനെതിരെ ഉണ്ടായ വകുപ്പ് തല നടപടി പ്രഹസനമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. സ്ഥലംമാറ്റം ഒരു ശിക്ഷാനടപടിയല്ല. ചെയ്ത കുറ്റത്തിന്റെ ഗൗരവം മനസിലാക്കിയുള്ള നടപടിയായില്ല ആഭ്യന്തര വകുപ്പിന്റേത്. തെറ്റ് ചെയ്ത ഷാജഹാനെ സംരക്ഷിക്കുന്നതിനുള്ള നടപടിയായി മാത്രമെ ഇതിനെ
കാണാനാകൂ. നടപടി സ്വീകരിക്കുമ്പോൾ സമൂഹത്തെ കൂടി ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം പിണറായി സർക്കാരിനുണ്ട്. തക്കതായ ശിക്ഷ നൽകുന്നതുവരെ കോൺഗ്രസ് സമരങ്ങളും നിയമ പോരാട്ടങ്ങളും തുടരുമെന്നും അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.