reee

തൃശൂർ: ജില്ലയിലെ കെ.എസ്.ടി.പി റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി നടന്നുവരുന്ന തൃശൂർ - കുറ്റിപ്പുറം, കൊടുങ്ങല്ലൂർ - ഷൊർണൂർ റോഡ് പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി കോഓർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അദ്ധ്യക്ഷത വഹിച്ചു.
ഡിസംബർ മാസത്തിനകം തൃശൂർ - കുറ്റിപ്പുറം റോഡിന്റെ പ്രവൃത്തികൾ പൂർത്തിയാക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. ശോഭ സിറ്റിക്ക് സമീപമുള്ള മൈനർ ബ്രിഡ്ജിന്റെ ഇടതുഭാഗം പൊളിക്കാനുള്ള തീരുമാനം സബ് കമ്മിറ്റി ചേർന്ന് എടുക്കണം, അശ്വനി ജംഗ്ഷന് സമീപത്തുള്ള വാട്ടർ ലീക്കേജ് പ്രശ്‌നത്തിന് കോർപ്പറേഷൻ ഉടൻ പരിഹാരം കാണണമെന്നും നിർദ്ദേശിച്ചു.


പുഴയ്ക്കൽ പാലം ഒക്ടോബറിൽ തുറക്കണം


പുഴയ്ക്കൽ പാലത്തിന്റെ പ്രവൃത്തി 19ന് പൂർത്തിയാക്കി ഒക്ടോബർ ഒമ്പതിന് ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് കളക്ടർ അറിയിച്ചു. വെള്ളാങ്കല്ലൂർ പഞ്ചായത്തിൽ പൈപ്പിടൽ പൂർത്തിയായ ഭാഗത്ത് പ്രഷർ ടെസ്റ്റും ഇന്റർലിങ്കിംഗും വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദ്ദേശം നൽകി. കളക്ടറേറ്റ് എക്‌സിക്യൂട്ടീവ് ഹാളിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ അഖിൽ വി.മേനോൻ, അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, ജനപ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.