locals-help-starving-dogs
പോലീസിന്റെ സാന്നിധ്യത്തിൽ നാട്ടുകാരനായ സുഹൈൽ അബ്ദുള്ള നായ്ക്കൾക്ക് ചോറും ബിസ്കറ്റും വെള്ളവും നൽകുന്നു

പുന്നയൂർക്കുളം: യുവതി വീടുപൂട്ടി പോയതിനെ തുടർന്ന് പട്ടിണിയിലായ വളർത്തുനായ്ക്കൾക്ക് രക്ഷകരായി നാട്ടുകാർ. അണ്ടത്തോട് തങ്ങൾപടി 310 റോഡിലാണ് സംഭവം. നാലു ദിവസമായി ഭക്ഷണം കിട്ടാതെ നായ്ക്കൾ ബഹളം വെച്ചതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കഴിഞ്ഞ ജൂലൈ മാസത്തിലും ഈ വീട്ടിൽ സമാന സംഭവം ഉണ്ടായെന്ന് നാട്ടുകാർ പറയുന്നു. അന്ന് മൂന്ന് നായ്ക്കുട്ടികൾ കൂട്ടിൽ പട്ടിണി കിടന്ന് ചത്തിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അംഗം പി.എസ്.അലിയും നാട്ടുകാരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വടക്കേക്കാട് എസ്.എച്ച്.ഒ എം.കെ.രമേഷിന്റെ നിർദ്ദേശത്തെ തുടർന്ന് എസ്.ഐ ബിന്ദുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. ശേഷം മതിൽചാടിക്കടന്ന് നായ്ക്കൾക്ക് ഭക്ഷണം നൽകി. യുവതിയുമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും പരസ്പര വിരുദ്ധമായാണ് സംസാരിച്ചതെന്ന് പറയുന്നു. നാട്ടുകാരായ സുഹൈൽ അബ്ദുള്ള,ഉദയൻ തെക്കൂട്ട്,ഷഹീർ,അബ്ദുറഹ്മാൻ ഉൾപ്പെടെയുള്ളവരാണ് നേതൃത്വം നൽകിയത്.