ആളൂർ: താഴേക്കാട് സർവീസ് സഹകരണ ബാങ്ക് കുണ്ടൂർ ശാഖയിൽ മുക്കുപണ്ടം പണയം വച്ച് 1,71,295 രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പുത്തൻചിറ പൊരുമ്പുകുന്ന് മാക്കാട്ടിൽ വീട്ടിൽ സൈജു (49) വിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് സെക്രട്ടറി ജാൻസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആളൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സ്വർണം പരിശോധനയ്ക്കിടെ മുക്കുപണ്ടമാണെന്ന് തെളിഞ്ഞതോടെയാണ് സംഭവം പുറത്തായത്. സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതിയെ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് പിടികൂടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമറിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ: ഷാജിമോൻ, എസ്.ഐ: കെ.പി.ജോർജ്, ജി.എ.എസ്.ഐ: മിനിമോൾ, സി.പി.ഒമാരായ അരുൺ, ഹരികൃഷ്ണൻ, നിഖിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.