c
c

പാറളം: മാലിന്യകേന്ദ്രം എങ്ങനെ സൗന്ദര്യവത്കരിക്കാമെന്നുള്ളതിന്റെ നേർക്കാഴ്ചയാണ് പാറളം പഞ്ചായത്തിലെ 9ാം വാർഡിലെ പൂത്തറയ്ക്കൽ ചെണ്ടുമല്ലിപ്പാടം. 2020ൽ പുതിയ ഭരണസമിതി വന്ന ശേഷം മാലിന്യത്തിന് വിട നൽകി വാർഡ് മെമ്പർ ജെയിംസ് പി.പോളിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് ഓരോ വർഷവും ഓണത്തിന് ചെണ്ടുമല്ലി പൂക്കൃഷിക്ക് തുടക്കമിട്ടു.

ഇത്തവണ രണ്ടായിരം ചെണ്ടുമല്ലികളാൽ വിളഞ്ഞുനിൽക്കുന്ന പാടത്തോടൊപ്പം മെമ്പർ,​ സെൽഫി കോർണർ കൂടി ഒരുക്കിയതോടെ ആ ദൃശ്യഭംഗി ആസ്വദിക്കാൻ ധാരാളം പേരെത്തിത്തുടങ്ങി. ഈ പാതയോരത്ത് കൂടുതൽ പേരെ ആകർഷിക്കാനുള്ള ബെഞ്ച്, ഊഞ്ഞാൽ എന്നിവ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് ഭരണ സമിതി. വയോജനങ്ങളുടെ മാനസികോല്ലാസത്തിനും പരസ്പര ഒത്തുച്ചേരലിനുമായി പഞ്ചായത്ത് സംഘടിപ്പിച്ച വയോജന സായാഹ്നം ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജെയിംസ് പി.പോൾ, വൈസ് പ്രസിഡന്റ് ആശാ മാത്യു, വാർഡ് മെമ്പർമാരായ സ്മിനു മുകേഷ്, വിദ്യാനന്ദനൻ, ജൂബി മാത്യു, പി.കെ.ലിജിവ്, കെ.കെ.മണി, സുബിത സുഭാഷ് എന്നിവർ സംസാരിച്ചു.