
തൃശൂർ: പ്രൗഡ് കേരളയുടെ നേതൃത്വത്തിൽ രമേശ് ചെന്നിത്തല നയിക്കുന്ന ' ലഹരിക്കെതിരെ സമൂഹനടത്തം" ജനകീയ പ്രതിരോധം തീർത്തു. മണികണ്ഠനാൽത്തറയിൽ ആരംഭിച്ച നടത്തം മുൻ എം.പി കെ. മുരളീധരൻ ഫ്‌ളാഗ് ഒഫ് ചെയ്തു. ലഹരി സമൂഹത്തെ തകർക്കുന്ന ക്യാൻസറാണെന്നും മുമ്പെങ്ങും കേട്ടിട്ടില്ലാത്ത തരത്തിൽ കുറ്റകൃത്യങ്ങൾ കൂടുന്നതിനതു കാരണമാണെന്നും അദ്ദേഹം പറഞ്ഞു. തെക്കേ ഗോപുരനടയിൽ ജാഥാംഗങ്ങൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ലഹരിക്കെതിരെയുള്ള പ്രതിരോധം വീടുകളിൽ തുടങ്ങണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അദ്ധ്യക്ഷനായി. മുൻ ഇന്ത്യൻ ഫുട്‌ബാൾ താരം ഐ.എം.വിജയൻ, മുൻ എം.പി ടി.എൻ.പ്രതാപൻ, ഡി.സി.സി അദ്ധ്യക്ഷൻ ജോസഫ് ടാജറ്റ്, ഫാ.ദേവസി പന്തല്ലൂക്കാരൻ, അബൂബക്കർ ഫൈസി, ഫാ.പോൾ പൂവത്തിങ്കൽ, ഫാ.എഡ്‌വിൻ കുറ്റിക്കൽ, തോമസ് ഉണ്ണിയാടൻ, ജോസ് വള്ളൂർ, എം.പി.വിൻസെന്റ്, അനിൽ അക്കര, ജോസഫ് ചാലിശ്ശേരി, എ.പ്രസാദ്, സുന്ദരൻ കുന്നത്തുള്ളി, ഷാജി കോടങ്കണ്ടത്ത്, ടി.വി.ചന്ദ്രമോഹൻ, എ.സേതുമാധവൻ, സി.എ.മുഹമ്മദ് റഷീദ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത് തുടങ്ങിയവർ നേതൃത്വം നൽകി.