മുളങ്കുന്നത്തുകാവ് : ആവശ്യത്തിന് ജീവനക്കാരില്ലാതെ തൃശൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രവർത്തനം താളം തെറ്റുന്നു. കാർഡിയോളജി, പോസ്റ്റ്‌മോർട്ടം വിഭാഗങ്ങളിലാണ് പ്രതിസന്ധി രൂക്ഷമായിട്ടുള്ളത്. ഡോക്ടർമാരുടെ കുറവ് മൂലം രാപ്പകൽ വ്യത്യാസമില്ലാതെ രോഗികൾ ബുദ്ധിമുട്ടുകയാണ്. കാർഡിയോളജി വിഭാഗത്തിലാണ് ഗുരുതമായ പ്രതിസന്ധി നേരിടുന്നത്. നിലവിൽ അഞ്ച് ഡോക്ടർമാരുടെ സേവനമാണ് ലഭിക്കുന്നത്. എന്നാൽ ഇത് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ മതിയാകുന്നില്ല. രാത്രികാലങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാർ സേവനത്തിനില്ലാത്തത് രോഗികൾക്കും ബന്ധുക്കൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇതുമൂലം രാത്രികാലങ്ങളിൽ എത്തുന്ന രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ ദിവസം യുവാവിന് ആവശ്യമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ആശുപത്രിയിൽ സംഘർഷമുണ്ടായി. മറ്റൊരു രോഗിയുടെ ബന്ധുക്കൾക്കും സമാനമായ അനുഭവം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രതിഷേധവും അരങ്ങേറി.
മാസത്തിൽ നൂറിലേറെ ആൻജിയോപ്ലാസ്റ്റികൾ മെഡിക്കൽ കോളജിൽ നടത്തുന്നുണ്ടെങ്കിലും ജീവനക്കാരുടെ കുറവുകാരണം ചികിത്സാ സംവിധാനം ദുർബലമാകുന്നതായി ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടി. കാർഡിയോളജി വിഭാഗത്തെ ശക്തിപ്പെടുത്തുന്നതൽ അധികൃതർ അവഗണനയാണ് കാണിക്കുന്നതെന്ന് അവർ ആരോപിച്ചു. കാർഡിയോളജി വിഭാഗത്തിൽ ആവശ്യമായ സൗകര്യങ്ങളും ജീവനക്കാരെയും നിയമിക്കണമെന്ന് നിരവധി തവണ അപേക്ഷ നൽകിയിട്ടും സർക്കാർ തലത്തിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യ പ്രവർത്തകരുടെ ആരോപണം.
പോസ്റ്റ്മോർട്ടം വിഭാഗം പ്രവർത്തനം നിലച്ച മട്ട്
ഗവ. മെഡിക്കൽ കോളേജിൽ രാത്രികാല പോസ്റ്റ്‌മോർട്ടം ആരംഭിച്ചെങ്കിലും ജീവനക്കാരുടെ അഭാവത്തിൽ പ്രവർത്തനം നിലച്ച മട്ടാണ്. ഒരു ഷിഫ്റ്റ് ഡ്യൂട്ടിക്കുള്ള ജീവനക്കാർ മാത്രമാണ് നിലവിലുള്ളത്. രണ്ട് ഷിഫ്ടാക്കിയപ്പോൾ ജീവനക്കാരുടെ അഭാവം മൂലം രണ്ട് ഷിഫ്ടിലെ പ്രവർത്തനവും നിലച്ച മട്ടാണ്. മാസങ്ങൾക്കു മുമ്പാണ് ഇവിടെ രാത്രികാലങ്ങളിലുള്ള പോസ്റ്റ്‌മോർട്ടം ആരംഭിച്ചത്. ഇതോടെ മൃതദേഹം നേരത്തേ വിട്ടുകിട്ടുമെന്ന പ്രതീക്ഷയായിരുന്നു. ജീവനക്കാരെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മേധാവി ഡോ. ഹതേഷ് ശങ്കർ അധികൃതർക്ക് അപേക്ഷ നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതോടെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു മൃതദേഹം കിട്ടാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയാണ്.