പാവറട്ടി: സിമന്റ് തേയ്ക്കാത്തതിനാൽ വീടിന്റെ ചുമർ നനഞ്ഞേക്കാമെന്ന കാരണം പറഞ്ഞ് വൃദ്ധയായ വിധവയ്ക്കും കുടുംബത്തിനും വൈദ്യുതി കണക്്ഷൻ നൽകാതെ കെ.എസ്.ഇ.ബി. അപേക്ഷ നൽകി ഒരു വർഷമായിട്ടും വൈദ്യുതി കണക്്ഷൻ ലഭിക്കാതെ തൊയക്കാവ് മണ്ണാന്ത്ര ക്ഷേത്രത്തിന് പിറകിൽ താമസിക്കുന്ന തയ്യിൽ നളിനിയുടെ കുടുംബം ഇരുട്ടിൽ തപ്പി ദുരിതം പേറുകയാണ്. മണ്ണെണ്ണ വിളക്കും മെഴുകുതിരിയും കത്തിച്ച് ജീവിതം കഴിച്ചു കൂടുകയാണ് ആ കുടുംബം. ലൈഫ് പദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കി വീട്ടു നമ്പർ ലഭിച്ചശേഷം വൈദ്യുതി കണക്്ഷന് വേണ്ടി വെങ്കിടങ്ങ് ഇലക്ട്രിക്കൽ സെക്്ഷൻ ഓഫീസിൽ അപേക്ഷ നൽകിയിട്ട് ഒരു വർഷം പിന്നിടുന്നു. സിമന്റ് തേയ്ക്കാത്തതിനാൽ വീടിന്റെ ചുമർ നനഞ്ഞേക്കാമെന്ന കാരണം പറഞ്ഞ് നാളിതുവരെയായി ഇവർക്ക് വൈദ്യുതി കണക്്ഷൻ നൽകിയിട്ടില്ല. വൃദ്ധയും വിധവയും പട്ടികജാതി വിഭാഗത്തിൽപെട്ട ഇവർക്ക് പണമില്ലാത്തതിനാലാണ് വീടിന്റെ ചുമരുകൾ തേയ്ക്കാൻ കഴിയാഞ്ഞത്. മകൻ സന്തോഷും ഭാര്യയും കുട്ടികളും അടങ്ങുന്നതാണ് നളിനിയുടെ കുടുംബം. വീട്ടിൽ വൈദ്യുതിയില്ലാത്തതിനാൽ കുട്ടികൾക്ക് പഠിക്കാൻ കഴിയുന്നില്ല. സന്തോഷിന്റെ ഭാര്യയും മക്കളും ഭാര്യ വീട്ടിലാണ് താമസം. തികച്ചും സാങ്കേതികമായ കാരണങ്ങൾ പറഞ്ഞ് വെങ്കിടങ്ങ് വൈദ്യുതി സെക്്ഷൻ ഓഫീസ് ചെയ്യുന്ന ക്രൂരതയ്‌ക്കെതിരെ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും പട്ടികജാതി മന്ത്രിക്കും വെങ്കിടങ്ങ് പഞ്ചായത്ത് മുൻ 15-ാം വാർഡ് മെമ്പറും പൊതുപ്രവർത്തകനുമായ കെ.വി.മനോഹരൻ ഇടപെട്ട് പരാതി നൽകി.