cycle

ചാലക്കുടി : ഉപേക്ഷിക്കപ്പെട്ട 24 സൈക്കിളുകൾക്ക് പുതുജീവൻ നൽകി, സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് നൽകിയതിലൂടെ സെൻട്രൽ റോട്ടറി ക്ലബ് സമൂഹത്തിന് നൽകിയത് പുതു സന്ദേശം. വി.ആർ. പുരം സർക്കാർ ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് സൈക്കിളുകൾ വിതരണം ചെയ്തത്. വീടുകളിൽ ഉപയോഗശൂന്യമായി കിടന്നവയായിരുന്നു അവയെല്ലാം. ക്ലബ് പ്രവർത്തകർ അത് തേടിപ്പിടിച്ച് വർക്ക് ഷോപ്പുകളിൽ എത്തുകയും ആവശ്യമുള്ള സാമഗ്രികൾ ഉപയോഗപ്പെടുത്തി നന്നാക്കിയെടുക്കുകയും ചെയ്തു. ചാലക്കുടി സെൻട്രൽ റോട്ടറിയുടെ റീസൈക്കിൾ പദ്ധതിയുടെ ഭാഗമായായിരുന്നു ദൗത്യം. നഗരസഭാ ചെയർമാൻ ഷിബു വാലപ്പൻ ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണവും സാമൂഹിക ഉത്തരവാദിത്തവുമുള്ള ഇത്തരം പദ്ധതികൾ എല്ലാ സംഘടനകളും ഏറ്റെടുക്കണമെന്ന് ചെയർമാൻ പറഞ്ഞു. ക്ലബ് പ്രസിഡന്റ് അനീഷ് ജോർജ് പൈനാടത്ത് അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ ആലീസ് ഷിബു, സ്‌കൂൾ പ്രിൻസിപ്പൽ ഷീല ടീച്ചർ, പ്രധാന അധ്യാപിക ബിജി ടീച്ചർ, സി.ബി.അരുൺ, ജോയ് പാനികുളം, അനൂപ് ചന്ദ്രൻ, ഷോബി കാണിച്ചായി, വിനോദ് മാത്തച്ചൻ, രാഹുൽ രാജൻ എന്നിവർ പങ്കെടുത്തു.