
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാൻ സഹായിക്കുമോയെന്ന ചോദ്യത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ മറുപടി വേദനിപ്പിച്ചെന്ന് ആനന്ദവല്ലി. ''അടുത്ത വീട്ടിൽ പണിക്ക് പോകുമ്പോഴാണ് സുരേഷ് ഗോപിയുടെ പരിപാടി കണ്ടത്. സഹകരണ ബാങ്കിലെ പണം എന്നു കിട്ടും സാറേ എന്നാണ് ചോദിച്ചത്. അതിന് അദ്ദേഹം മറുപടി തന്നില്ല. നല്ലൊരു വാക്കും പറഞ്ഞില്ല. അദ്ദേഹത്തിന്റെ രീതി അങ്ങനെയാകാം. എന്നാലും, ഒരു നല്ല വാക്ക് പറയാമായിരുന്നു. അങ്ങനെയൊരു വിഷമമുണ്ട്.
തിരഞ്ഞെടുപ്പ് സമയത്ത് വന്നപ്പോൾ പറഞ്ഞിരുന്നു കരുവന്നൂരിലെ പണം വാങ്ങി നൽകുമെന്ന്. അത് പ്രതീക്ഷിച്ചാണ് അവിടെ ചെന്നത്. ഒന്നേമുക്കാൽ ലക്ഷമാണ് കിട്ടാനുള്ളത്. ചികിത്സാച്ചെലവിന് പോലും പണമില്ല. മരുന്ന് വാങ്ങാൻ രണ്ടായിരം രൂപ വേണം. വീടുകളിൽ പോയി പണിയെടുത്താണ് ജീവിക്കുന്നത്. ആ പണമാണ് സഹകരണ സംഘക്കാർ പറ്റിച്ചത്''. പൊട്ടിക്കരഞ്ഞ് കുറ്റിപ്പുറത്ത് വീട്ടിൽ ആനന്ദവല്ലി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഇരിങ്ങാലക്കുട പൊറത്തിശേരിയിൽ നടന്ന കലുങ്ക് സംവാദത്തിനിടെ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടുന്നതുമായി ബന്ധപ്പെട്ട ആനന്ദവല്ലിയുടെ ചോദ്യത്തിന് സുരേഷ് ഗോപി നൽകിയ മറുപടിയാണ് വിവാദത്തിന് ഇടയാക്കിയത്.